വി വി ഐ പി ഹെലികോപ്ടര്‍ ഇടപാട് റദ്ദാക്കുന്നു

Posted on: November 20, 2013 12:33 am | Last updated: November 19, 2013 at 11:35 pm

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ തുടര്‍ന്ന്, വി വി ഐ പികള്‍ക്ക് സഞ്ചരിക്കുന്നതിന് ഇറ്റലിയിലെ ഫിന്‍മെക്കാനിക്ക കമ്പനിയില്‍ നിന്ന് ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് കമ്പനി അധികൃതരും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. ഇറ്റലിയിലെ ഫിന്‍മെക്കാനിക്ക കമ്പനിയില്‍ നിന്ന് 12 ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ കരാറില്‍ 360 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. അഴിമതി ആരോപണം ഉയര്‍ന്നതോടെ ശേഷിക്കുന്ന കോപ്ടറുകള്‍ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി ഇടപെട്ട് നിര്‍ത്തിവെച്ചു. കോപ്ടറുകളില്‍ മൂന്നെണ്ണം ഇന്ത്യക്ക് കൈമാറിയിരുന്നു. 1,300 കോടി രൂപ കമ്പനിക്ക് ഇന്ത്യ നല്‍കി. എന്നാല്‍ വാങ്ങിയ ഹെലികോപ്റ്ററുകള്‍ തിരിച്ചു നല്‍കിയേക്കും. അഴിമതിയെ കുറിച്ച് സി ബി ഐ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അഴിമതിയുമായി ബന്ധപ്പെട്ട് ഫിന്‍മെക്കാനിക്ക കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ചെയര്‍മാനുമായ ഗസിപ്പി ഓര്‍സിയെ ഇറ്റലിയിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് വിവാദ ഇടപാടുകള്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.