കുട്ടികളെ വാഹനം ഓടിക്കാന്‍ അനുവദിക്കരുത്

Posted on: November 20, 2013 12:25 am | Last updated: November 19, 2013 at 9:25 pm

കാസര്‍കോട്: ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ പ്രായം തികഞ്ഞിട്ടില്ലാത്തവര്‍ വാഹനങ്ങള്‍ ഓടിക്കുന്നതും അപകടങ്ങള്‍ വരുത്തിവെക്കുന്നതും കൂടിവരുന്നതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ചയില്‍ തൃശ്ശൂര്‍ ജില്ലയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത് 16 വയസ്സ് മാത്രമുള്ള സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഒരു വാഹന ഉടമയും തന്റെ വാഹനം ലൈസന്‍സ് ഇല്ലാത്തവര്‍ക്കോ, ലൈസന്‍സ് എടുക്കാന്‍ പ്രായമാകാത്തവര്‍ക്കോ ഓടിക്കാന്‍ അനുവദിക്കാന്‍ പാടില്ല. ഇത്തരത്തില്‍ വാഹനം ഓടിക്കാന്‍ അനുവദിച്ചാല്‍ വാഹന ഉടമ മൂന്ന് മാസം വരെ ജയില്‍ വാസമോ, ആയിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്ക്ക് അര്‍ഹരാണ്. വാഹന ഉടമകള്‍ ലൈസന്‍സ് എടുക്കാന്‍ പ്രായം തികഞ്ഞിട്ടില്ലാത്ത കുട്ടികളെ വാഹനം ഓടിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശത്തിന് വിരുദ്ധമായി കുറ്റം ചെയ്യുന്നതായി കാണപ്പെട്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.