കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങി

Posted on: November 19, 2013 8:20 am | Last updated: November 19, 2013 at 8:20 am

പാലക്കാട്: കേരള എന്‍ ജി ഒ അസോസിയേഷന്‍ 39-ാം സംസ്ഥാന സമ്മേളന പരിപാടികള്‍ക്ക് പാലക്കാട് എം വിശ്വംഭരന്‍ നഗറില്‍ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ പതാക ഉയര്‍ത്തിയതോടുകൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. പത്താം ശമ്പളം കമ്മീഷന്റെ നിയമനം ഉടന്‍ ഉത്തരവാക്കണമെന്നും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഉദ്യോഗക്കയറ്റാനുപാതം 10 ശതമാനമായി ഉയര്‍ത്തണമെന്നും കോട്ടാത്തല മോഹനന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമം ലാക്കാക്കിയുള്ള പരിപാടികള്‍ കൂടി ഏറ്റെടുത്തുകൊണ്ട് സംഘടന മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ ടി സിയും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഉദ്യോഗക്കയറ്റവും ചരിത്ര നേട്ടമാണെന്നും ഈ രണ്ടു ആനുകൂല്യങ്ങളും നേടിയെടുക്കുന്നതില്‍ എന്‍ ജി ഒ അസോസിയേഷന്‍ വഹിച്ച പങ്ക് നിസ്തൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി രഹിതവും കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവില്‍ സര്‍വീസിന്റെ പുന:സൃഷ്ടിക്കായി എന്‍ ജി ഒ അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ജീവനക്കാരെ ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി, എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി മുരളി, ട്രഷറര്‍ ആനാട് ശഹീദ്, വൈസ് പ്രസിഡന്റുമാരായ കെ സോമനാഥന്‍ പിള്ള, ബി ബാബുരാജ്, സംസ്ഥാന സെക്രട്ടറിമാരായ എം പ്രാക്‌സിസ്, പി കെ രാജേന്ദ്രന്‍, എന്‍ രവികുമാര്‍, സംസ്ഥാന സമ്മേളന ജനറല്‍ കണ്‍വീനര്‍ ടി വി രാമദാസ്, വര്‍ക്കിംഗ് ചെയര്‍മാന്‍ എസ് രവീന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ടി ജി കുട്ടപ്പന്‍, ജില്ലാ സെക്രട്ടറി ചന്ദ്രന്‍ ചിറ്റൂര്‍ എന്നിവര്‍ പങ്കെടുത്തു.