ഹര്‍ത്താലും കോടതി നിരീക്ഷണവും

Posted on: November 19, 2013 6:00 am | Last updated: November 18, 2013 at 10:59 pm

ഹര്‍ത്താലുകള്‍ക്കെതിരെ ഇന്നലെ കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍, തൊട്ടതിനൊക്കെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് മുന്നൂറിലധികം ഹര്‍ത്താലുകള്‍ നടന്നു. ഇതു കൊണ്ടെന്തെങ്കിലും നേടാനായോ എന്നു ചോദിച്ച ഹൈക്കോടതി സാധാരണക്കാര്‍ക്കും ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്കും കടുത്ത ദുരിതം വരുത്തിവെക്കുന്ന ഈ സമര മുറ രാജ്യ പുരോഗതിയെ തടസ്സപ്പെടുത്തുന്നതായി വിലയിരുത്തുകയുമുണ്ടായി.
ജനാധിപത്യ മൂല്യങ്ങള്‍ക്കു നിരക്കാത്ത സമരമുറയാണ് ഇന്ന് നടന്നുവരുന്ന ഹര്‍ത്താലുകള്‍. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനവികാരം പ്രതിഫലിപ്പിക്കാനെന്ന അവകാശവാദത്തോടെയാണ് ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത്. അന്ന് പൊതു വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. കടകള്‍ അടഞ്ഞു കിടക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില ഗണ്യമായി കുറയും. ഇത് ഹര്‍ത്താലിന് അനുകൂലമായ ജനവികാരമായി അനുകൂലികള്‍ അവകാശപ്പെടുമെങ്കിലും, കാര്യങ്ങള്‍ അങ്ങനെയല്ലെന്നും അക്രമവും നാശനഷ്ടവും ഭയന്നാണ് ജനങ്ങള്‍ പുറത്തിറങ്ങാത്തതെന്നും ഹര്‍ത്താല്‍ അനുകൂലികള്‍ക്കു തന്നെ നന്നായറിയാം. അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യവും പ്രതികൂലിച്ചതിനെച്ചൊല്ലി അക്രമമോ, ബലപ്രയോഗമോ ഉണ്ടാകുകയില്ലെന്ന് പരിപൂര്‍ണ ഉറപ്പും ലഭിച്ചാല്‍ ജനങ്ങളില്‍ തൊണ്ണൂറ് ശതമാനവും ഈ സമരമുറയെ പിന്തുണക്കുകയില്ല. ജനസ്വാധീനമുള്ള പാര്‍ട്ടികള്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പോലും, പാര്‍ട്ടി തീട്ടൂരം ലംഘിച്ച് അനുയായികള്‍ ഓഫീസുകളില്‍ ജോലിക്ക് ഹാജരായ അനുഭവങ്ങള്‍ മുമ്പിലുണ്ട്.
നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന ഗൗരവാഹവമായ പ്രശ്‌നങ്ങളിലേ മുന്‍കാലങ്ങളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നുള്ളു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാത്രം. ചുവരെഴുത്തും പോസ്റ്ററും പന്തംകൊളുത്തി പ്രകടനവും മൈക്ക് അനൗണ്‍സുമൊക്കെയായി മാസങ്ങള്‍ക്ക് മുമ്പേ അതിന്റെ പ്രചാരണം തുടങ്ങും. കടകളില്‍ കയറിയിറങ്ങി ഹര്‍ത്താലുമായി സഹകരിക്കാന്‍ അഭ്യര്‍ഥിക്കും. എന്നാലും പ്രതികൂലികള്‍ കടകള്‍ തുറന്നും വാഹനങ്ങള്‍ നിരത്തിലിറക്കിയും ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കും. വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞും ബലപ്രയോഗത്തിലൂടെ കടകളടപ്പിച്ചുമാണ് അത് വിജയിപ്പിച്ചിരുന്നത്. ഇന്ന് പത്രദ്വാരാ ഒരറിയിപ്പിന്റെ മുടക്കേയുള്ളൂ ഹര്‍ത്താല്‍ വിജയിക്കാന്‍. ഒരു വാരാന്ത ചടങ്ങ് എന്ന അവസ്ഥയിലേക്ക് ഈ സമരമുറ മാറിയതാണ്, സുഖമായി വീട്ടിലിരുന്ന് അത് ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലേക്കും നിസ്സംഗ ഭാവത്തിലേക്കും ജനങ്ങളെ എത്തിച്ചത്.
1997 ല്‍ ഹൈക്കോടതി നിരോധിച്ച ബന്ദ് എന്ന പ്രാകൃത സമരമുറയാണ് പേര് മാറി ഹര്‍ത്താലായത്. പുതിയ പേരില്‍ വീണ്ടും അത് അടിച്ചേല്‍പ്പിക്കുമ്പോള്‍ ജനം നിയമപീഠത്തെ തന്നെയാണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ജനങ്ങളെ ദുരിതത്തിലാക്കുകയും മൗലികാവകാശങ്ങളെ ഹനിക്കുകയും ചെയ്യുന്ന ഈ സമരമുറ പൂര്‍ണമായും തടയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിനെതിരെ ഇന്നലെ സംസ്ഥാനത്ത് ചിലര്‍ ഹര്‍ത്താല്‍ നടത്തി. കോടതി നിരീക്ഷിച്ചതു പോലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടായിരിക്കില്ല അതിനവര്‍ ആഹ്വാനം ചെയയ്തത്. കേവല രാഷ്ട്രീയ ലാക്കോ, സ്വാര്‍ഥ താത്പര്യമോ അതിന് പിന്നിലുണ്ടായിരിക്കാം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ കര്‍ഷകവിരുദ്ധമല്ലെന്നും അന്തിമ വിജ്ഞാപനം സംസ്ഥാനങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷമേ ഉണ്ടാവുകയുള്ളുവെന്നും മുഖ്യമന്ത്രിയും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രിയും വ്യക്തമാക്കിയതാണ്. ഇതുസംബന്ധിച്ച മലയോര നിവാസികളുടെ ആശങ്കകള്‍ അകറ്റുമെന്ന് ഉറപ്പ് നല്‍കിയിട്ടും കേന്ദ്രത്തിന്റെ അന്തിമ തീരുമാനമറിയാന്‍ കാത്തുനില്‍ക്കാതെ ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചതും, അക്രമങ്ങള്‍ അഴിച്ചു വിടുന്നതും മാഫിയകളാണെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖനനവും വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന റിപ്പോര്‍ട്ടിലെ വ്യവസ്ഥ വന്‍കിട മുതലാളിമാരെയും മാഫിയകളെയുമാണ് സാരമായി ബാധിക്കുകയെന്നതിനാല്‍ അത് നടപ്പാക്കാതിരിക്കാനുള്ള എല്ലാ തന്ത്രവും അവര്‍ പയറ്റും. നേരത്തെ മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കേണ്ടി വന്നത് ഇത്തരക്കാരുടെ സ്വാധീനം മൂലമായിരുന്നുവല്ലോ. പ്രക്ഷോഭത്തിനിടെ അഗ്നിക്കിരയായ താമരശ്ശേരി ഫോറസ്റ്റ് ഓഫീസില്‍ കത്തിനശിച്ച വസ്തുക്കളില്‍ ചന്ദനക്കേസിന്റെയും ജീരകപ്പാറ വനം കൈയേറ്റത്തിന്റയും ഫയലുകള്‍ ഉള്‍പ്പെടെ നിര്‍ണായകമായ പല രേഖകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് പ്രക്ഷോഭത്തിന് പിന്നില്‍ മാഫിയയാണെന്ന നിരീക്ഷണത്തെ ബലപ്പെടുത്തുന്നുണ്ട്. ഇതെക്കുറിച്ചു സമഗ്രമായ അന്വേഷണം അനിവാര്യമാണ്.