Connect with us

Wayanad

ഇടതു ഹര്‍ത്താല്‍ പൂര്‍ണം;ജന ജീവിതം സ്തംഭിച്ചു

Published

|

Last Updated

കല്‍പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യ.പ്പെട്ട് എല്‍ ഡി എഫ് ആഹ്വാനം ചെയ്ത കേരള ഹര്‍ത്താല്‍ നഗരങ്ങളും ഗ്രാമങ്ങളും പൂര്‍ണമായി സ്തംഭിച്ചു. കല്‍പ്പറ്റയില്‍ രോഗിയെയും കൊണ്ടുവന്ന ആംബുലന്‍സടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞിട്ടു. അടുപ്പിച്ച് ഹര്‍ത്താല്‍ വന്നതിനാല്‍ സാധനങ്ങള്‍ പോലും വാങ്ങാനാവാതെ ജനജീവിതം സ്തംഭിച്ചു. ശനിയാഴ്ച നടന്ന എല്‍ ഡി എഫ് ഹര്‍ത്താലില്‍ പൊറുതിമുട്ടിയ ജനത്തിന് വീണ്ടുമൊരിരിട്ടടിയായി തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍. ഞായറാഴ്ച ആയതിനാല്‍ ഇന്നലെ ഭൂരിഭാഗം കടകളും അവധിയായിരുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പോലും സാധാരണക്കാര്‍ക്ക് സാധിച്ചില്ല. തൊഴിലാളികള്‍ക്കും മറ്റും ശനിയാഴ്ചയാണ് കൂലി ലഭിക്കുന്നത് എന്നതിനാല്‍ തന്നെ സാധനങ്ങള്‍ വാങ്ങാനാവാതെ ഇന്നലെ പല വീടുകളും പട്ടിണിയിലായി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്നലെ ഹാജര്‍ നിലയില്‍ ഗണ്യമായ കുറവുണ്ടായി.
ജില്ലാകേന്ദ്രമായ കല്‍പറ്റയില്‍ ഹര്‍ത്താല്‍ ദിവസം വാഹനങ്ങള്‍ പ്രതീക്ഷിച്ചെത്തിയവര്‍ ടൗണില്‍ കുടുങ്ങി. അക്രമസംഭവങ്ങള്‍ മൂലം കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വ്വീസ് നടത്തിയില്ല. അതേസമയം, ബൈക്കുകളും ചില സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വ്വീസ് നടത്തിയില്ല. സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ നിന്ന് കോയമ്പത്തൂര്‍ സര്‍വ്വീസ് മാത്രമാണ് നടത്തിയത്.
കല്‍പ്പറ്റയിലും ഉള്‍പ്രദേശങ്ങളിലും ചില കടകമ്പോളങ്ങള്‍ തുറന്നെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളില്‍ പൊലീസ് അകമ്പടിയോടെ പോലും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഓടാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അനുവദിച്ചില്ല. നൂല്‍പ്പുഴ പഞ്ചായത്തിലെ മുത്തങ്ങമുതല്‍ മൂലങ്കാവ് വരെയുള്ള ദേശീയപാതയില്‍ മരങ്ങളും കല്ലും വലിച്ചിട്ട് ജനം റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. ഇരുചക്ര വാഹനയാത്രക്കാരെ പോലുംഅക്രമികള്‍ ഇന്നലെ ഈ വഴിയില്‍ വെറുതെ വിട്ടില്ല. സ്വകാര്യ – ടാക്‌സി വാഹനങ്ങളും ബത്തേരി ഭാഗത്ത് നിരത്തിലിറങ്ങിയില്ല.
മാനന്തവാടി മേഖലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. കേരള അതിര്‍ത്തിപ്രദേശമായ ബാവലി, തോല്‍പ്പെട്ടി, കാട്ടിക്കുളം, മാനന്തവാടി, തലപ്പുഴ, ബോയ്‌സ് ടൗണ്‍, മട്ടിലയം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു.
കല്‍പറ്റ-പടിഞ്ഞാറത്തറ റൂട്ടില്‍പ്പെടുന്ന കാവുമന്ദത്ത് അയ്യപ്പഭക്തര്‍, വിവാഹം, മരണം എന്നീ ആവശ്യങ്ങളുമായി ഇതുവഴിയെത്തിയവരെ അക്രമികള്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു.
റോഡില്‍ മരത്തടികളും ടാര്‍വീപ്പകളും നിരത്തിയ അക്രമിസംഘം ഇതുവഴിയെത്തിയവരെയെല്ലാം ഭീഷണിപ്പെടുത്തുന്നത് കാണാമായിരുന്നു. കല്‍പറ്റയിലേക്ക് വന്ന മാധ്യമപ്രവര്‍ത്തകരെ വരെ ഈ സംഘം വെറുതെവിട്ടില്ല.
പത്രക്കാരാണെങ്കില്‍ ഞങ്ങള്‍ക്ക് പുല്ലാണെന്നും ധൈര്യമുണ്ടെങ്കില്‍ ഫോട്ടോയെടുത്ത് വാര്‍ത്തകൊടുക്കണമെന്നും ആക്രോശിച്ചായിരുന്നു ഭീഷണിയ വിവാഹത്തിന് പോയ വാഹനങ്ങളും ഇവിടെ മണിക്കൂറുകളോളം തടഞ്ഞിട്ടു.
രാവിലെ എട്ട് മണിയോടെ തന്നെ റോഡില്‍ മരത്തടികള്‍ നിരത്തി ഇവിടെ സി പി എമ്മുകാര്‍ നിലയുറപ്പിച്ചിരുന്നു. മരണാനന്തരചടങ്ങിനും മറ്റും കറുത്തകൊടി കെട്ടാതെ പോയവരെ ഈ സംഘം വെറുതെവിട്ടില്ല. ഹര്‍ത്താല്‍ ജില്ലയില്‍ വന്‍ വിജയമാക്കിയ മുഴുവന്‍ ജനങ്ങളെയും സി പി ഐ ജില്ലാ കൗണ്‍സില്‍ അഭിവാദ്യം ചെയ്തു. ആരുടെയും പ്രേരണയില്ലാതെ പ്രശ്‌നതതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ജില്ലയില്‍ ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രക്ഷോഭം സ്വയം ഏറ്റെടുക്കുകയായിരുന്നു. വളരെ സമാധാനപരമായാണ് തങ്ങളുടെ പ്രതിഷേധം ജനങ്ങള്‍ ഹര്‍ത്താലിലൂടെ അറിയിച്ചത്.

Latest