ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം

Posted on: November 19, 2013 6:00 am | Last updated: November 18, 2013 at 9:06 pm

കാസര്‍കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൊതുവേ സമാധാനപൂര്‍ണമായിരുന്നു.
മധൂര്‍, കുമ്പള, സീതാംഗോളി, മുണ്ട്യത്തടുക്ക, മുള്ളേരിയ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി. എന്നാല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ഒന്നുംതന്നെ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചുവെങ്കിലും പൊതുവെ ഹാജര്‍നില കുറവായിരുന്നു. ഇരുചക്ര വാഹനങ്ങളടക്കം സ്വകാര്യ വാഹനങ്ങള്‍ ഓടിയിരുന്നു. നഗരത്തിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പെര്‍ദ്ദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന സമൂഹവിവാഹവും ഉത്സവവും കുമ്പള ഉപജില്ല സ്‌കൂള്‍ കലോത്സവവും കണക്കിലെടുത്ത് ജില്ലയില്‍ കാസര്‍കേട് താലൂക്കില്‍ വാഹനഗതാഗതം തടയില്ലെന്ന് ഇടതുമുന്നണി അറിയിച്ചിരുന്നു. കെ എസ് ആര്‍ ടി സി സര്‍വീസ് നടത്താത്തത് ജനങ്ങളെ ദുരിതത്തിലാക്കിയതോടൊപ്പം പ്രതിഷേധത്തിനും ഇടയാക്കി.
എന്നാല്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പലയിടത്തും വന്‍ പ്രക്ഷോഭങ്ങളുണ്ടായ സാഹചര്യത്തില്‍ ജില്ലയിലും പോലീസ് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്.
ഹര്‍ത്താലിനോടനുബന്ധിച്ച് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു തന്നെ സമാപിച്ചു. പ്രകടനത്തിന് എല്‍ ഡി എഫ് നേതാക്കളായ എസ് ഉദയകുമാര്‍, ടി കെ രാജന്‍, ഹരീഷ് ബി നമ്പ്യാര്‍, വി രാജന്‍, ഇ കെ നായര്‍, കരിവെള്ളൂര്‍ വിജയന്‍, പി വി കുഞ്ഞമ്പു, കെ ഭാസ്‌ക്കരന്‍, രാധാകൃഷ്ണന്‍ പെരുമ്പള, ഭുജംഗ ഷെട്ടി തുടങ്ങിയവര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.