Connect with us

International

മാലദ്വീപ് പ്രസിഡന്റായി യമീന്‍ സ്ഥാനമേറ്റു

Published

|

Last Updated

മാലെ: മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിനെതിരെ അട്ടിമറി വിജയം നേടിയ അബ്ദുല്ല യമീന്‍ മാലദ്വീപിന്റെ ആറാം പ്രസിഡന്റായി സ്ഥാനമേറ്റു. ഇതോടെ രാജ്യത്ത് രണ്ട് വര്‍ഷത്തോളം നിലനിന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് താത്കാലിക പരിഹാരവുമായി. മുന്‍ ഭരണാധികാരി മൈമൂണ്‍ അബ്ദുല്‍ ഖയ്യൂമിന്റെ അര്‍ധ സഹോദരനും പ്രോഗ്രസ്സീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് (പി പി എം)ന്റെ നേതാവുമായ യമീന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഹ്മദ് ഫായിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. പി പി എമ്മിന്റെ നേതാവും രാഷ്ട്രീയ പ്രമുഖനുമായ മുഹമ്മദ് ജമീല്‍ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു.
രാജ്യത്ത് മൂന്ന് മാസത്തിനിടെ മൂന്നാം തവണ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യമീന്റെ വിജയം അപ്രതീക്ഷിതമായിരുന്നു. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുന്‍ പ്രസിഡന്റും മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം ഡി പി)യുടെ നേതാവുമായ മുഹമ്മദ് നശീദിന് വിജയ സാധ്യത ഉറപ്പിച്ചിരുന്ന തിരഞ്ഞെടുപ്പില്‍ 51.39 ശതമാനത്തിന്റെ വോട്ട് നേടിയാണ് യമീന്‍ അധികാരത്തിലേറിയത്. മുഹമ്മദ് നശീദിന് 48.61 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. യമീന് 111,203 വോട്ടും നശീദിന് 105,181 വോട്ടുകളും ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഫുആദ് തൗഫീഖ് വ്യക്തമാക്കി. 91.41 ശതമാനത്തിന്റെ പോളിംഗ് നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ടൂറിസ്റ്റ് രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുമെന്നും മാലദ്വീപിന്റെ വികസനമാണ് ലക്ഷ്യം വെക്കുന്നതെന്നും അധികാരത്തിലേറിയ ശേഷം അബ്ദുല്ല യമീന്‍ വ്യക്തമാക്കി. മുഹമ്മദ് നശീദും അബ്ദുല്‍ ഖയ്യൂമും അടക്കം നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. “രാജ്യത്തിന്റെ പുരോഗമനത്തിനും വികസനത്തിനും പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുടെയും പൂര്‍ണ സഹകരണം എനിക്ക് ആവശ്യമുണ്ട്. പാര്‍ലിമെന്റില്‍ നശീദില്‍ നിന്ന് അനിവാര്യമായ സഹകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.” യമീന്‍ പറഞ്ഞു.
“രാഷ്ട്രീയ പാര്‍ട്ടികളുടെ സങ്കുചിത്വങ്ങള്‍ മറന്ന് രാജ്യം നേരിടുന്ന വെല്ലുവിളി അഭിമുഖീകരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തെത്തണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ യമീനിന് മാലദ്വീപിന്റെ പ്രതീക്ഷകള്‍ നിലനിര്‍ത്താനാകുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, പരാജയം പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും ജനാധിപത്യ മാര്‍ഗത്തില്‍ മുന്നോട്ടു പോകുമെന്നും യമീനിന്റെ മുഖ്യ എതിരാളി മുഹമ്മദ് നശീദ് വ്യക്തമാക്കി. യമീനിന് വിജയാശംസകള്‍ നേരാനും നല്ല ദിവസം ആശംസിക്കാനും നശീദ് മറന്നില്ല.
സെപ്തംബര്‍ ഏഴിന് നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് മാലദ്വീപില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് തുടക്കമായത്. കഴിഞ്ഞ മാസം വീണ്ടും തിരഞ്ഞെടുപ്പ് നടന്നെങ്കിലും ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ അമ്പത് ശതമാനത്തിന്റെ ഭൂരിപക്ഷം നേടാനായില്ല. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നിലവിലെ പ്രസിഡന്റ് മുഹമ്മദ് വഹീദ് രാജിവെക്കുകയും പിന്നീട് രാജ്യം വിടുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 47 ശതമാനം വോട്ടുകള്‍ നേടി നശീദ് ഒന്നാമതെത്തിയിരുന്നു. നവംബര്‍ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പില്‍ യമീനിന് 30 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു നേടാനായത്. രാജ്യത്ത് ജനാധിപത്യ മാര്‍ഗത്തിലൂടെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നശീദിനെ സൈനിക സഹായത്തോടെ പുറത്താക്കിയ വഹീദ് , 2012ലാണ് പ്രസിഡന്റായി സ്ഥാനമേറ്റത്.