Kerala
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് ഓര്‍ഡിനന്‍സ് അട്ടിമറിക്കുന്നു

കോഴിക്കോട്: സര്‍ക്കാര്‍ കൊണ്ടുവന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് ഓര്‍ഡിനന്‍സ് അട്ടിമറിക്കുന്നു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലയില്‍ ബില്ലു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ നിയമത്തിന്റെ കരട് രൂപം തയ്യാറാക്കി ഈ മേഖലയിലെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
നിയമ വകുപ്പില്‍ നിന്ന് തയ്യാറാക്കിയ കരട് ബില്‍ തൊട്ടടുത്ത മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സായി ഇറക്കണമെന്നായിരുന്നു ജൂലൈ മാസത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യൂനിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ ധാരണയായത്. എന്നാല്‍ ഈ മേഖലയിലെ ആംവെ പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ഇടപെടല്‍ മൂലമാണ് ഓര്‍ഡിനന്‍സ് വൈകിപ്പിക്കുന്നതെന്നാണ് പ്രധാന ആരോപണം. മള്‍ട്ടി ലെവല്‍ ബില്ലിന്റെ കരട് രൂപം തയ്യാറാക്കുന്നതിന് വേണ്ടി നിയമ, ധനകാര്യ വ്യവസായ വകുപ്പുകളും പത്തംഗ യൂനിയന്‍ കമ്മറ്റിയും ചേര്‍ന്നാണ് ചര്‍ച്ച നടത്തിയത്.
പക്ഷേ യൂനിയന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ബില്ലില്‍ പരിഗണിച്ചില്ല. ഇത് ഈ മേഖലയിലെ ബഹുരാഷ്ട്ര കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ്ആരോപണം. വിവിധ കമ്പനികള്‍ വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമൂലം വരുമാനം തൊഴിലാളികള്‍ക്ക് നല്‍കുന്നത് മാസത്തിലാണെന്നാണ് ബില്‍ നിര്‍ദേശിക്കുന്നത്. ആഴ്ചതോറും വരുമാനം വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് അത് തുടര്‍ന്ന് കൊണ്ട് പോകുന്നതിനുള്ള അവസരം നല്‍കണമെന്ന് ഭേദഗതി നിര്‍ദേശത്തിലൂടെ വിവിധ യൂനിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എം എല്‍ എം വഴി ഭൗതികമായിട്ടുള്ള വസ്തുക്കള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. സേവനപദ്ധതികളോ ഉപകരണങ്ങളോ എം എല്‍ എം വഴി വില്‍ക്കാന്‍ പാടില്ല. തുടങ്ങിയ പത്തംഗ കമ്മിറ്റി തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലന്നാണ് വിവിധ യൂനിയന്‍ ഭാരവാഹികള്‍ പറയുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് മള്‍ട്ടിലെ വലിന്റെ പൊതുസ്വഭാവത്തെ തകര്‍ക്കുന്നതാണെന്നാണ് ആരോപണം. ഡയറക്ട് മാര്‍ക്കറ്റിംഗ് എന്ന തരത്തിലേക്ക് എം എല്‍ എം ചുരുങ്ങാന്‍ ഇത് കാരണമാകും.
നിലവില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. പക്ഷേ ഏതാനും കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചെന്ന വ്യാജപ്രചാരണം നടത്തുകയാണ്. കൂടാതെ ഇങ്ങനെ പ്രചാരണം നടത്തുന്ന കമ്പനികള്‍ മറ്റു കമ്പനികള്‍ക്കും അനുമതി വാങ്ങി നല്‍കാം എന്ന തോതില്‍ കള്ളപ്രപരണം നടത്തി ലക്ഷങ്ങള്‍ പിരിവ് നടത്തുന്നുണ്ട്. നിയമനിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നത് ഇത്തരക്കാരെ സഹായിക്കാനാണ്. നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നിയമങ്ങള്‍ വില്‍ക്കുന്നവരെയാണ് ഇത് ബാധിക്കുക. പുതിയ നിയമനിര്‍മാണം പ്രാബല്യത്തില്‍ വന്നാല്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ വ്യവസായ വകുപ്പിന് കീഴിലാണ് വരിക. കരട് ബില്ലിലെ പല നിര്‍ദ്ദേശങ്ങളും ഈ മേഖലയിലെ കുത്തകകളെ മുന്നില്‍ കണ്ടുള്ളതാണെന്ന് പറഞ്ഞ് യൂനിയന്‍ പ്രതിനിധികള്‍ തുടക്കത്തിലേ ഇതിനെ എതിര്‍ത്തിരുന്നു.
എം എല്‍ എമ്മിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് കേരളത്തില്‍ നടന്നത്. സാധനങ്ങളുടെ വിലയും ഗുണവും കണ്‍സ്യൂമര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നിയന്ത്രണമേര്‍പ്പെടുത്താതിരുന്നതാണ് തട്ടിപ്പുകള്‍ക്ക് ആക്കം കൂട്ടിയത്. കൂടാതെ മുമ്പ് നടന്ന പല മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പുകള്‍ക്ക് പിന്നിലും സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടായിരുന്നെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.