Connect with us

Gulf

മാനവീകത സ്വപ്‌നം കാണാത്ത സാഹിത്യ പ്രവര്‍ത്തനം അര്‍ഥശൂന്യം: സച്ചിദാനന്ദന്‍

Published

|

Last Updated

അബുദാബി: മനുഷ്യഭാഗധേയത്തെ അഭിസംബോധന ചെയ്യാതെ, സമത്വസുന്ദരമായ ഭാവിയെ കുറിച്ചും മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള സമ്പൂര്‍ണമായ ലയം സാധ്യമാക്കുന്ന ജീവിത സമ്പ്രദായത്തെ കുറിച്ചും സ്വപ്‌നം കാണാതെ ഏതൊരു എഴുത്തുകാരനും എഴുതുന്നത് അര്‍ഥശൂന്യമായ പ്രവര്‍ത്തിയാണെന്ന് പ്രമുഖ കവി പ്രൊഫ. കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.
അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവത്കരണം നമ്മെയെല്ലാം സാംസ്‌കാരിക വിസ്മൃതിയില്‍ വീഴ്ത്തുകയും, എല്ലാ സംസ്‌കാരങ്ങളേയും സാമാന്യവത്കരിച്ച് സ്മൃതിസഞ്ജയങ്ങളെ നിസാരവത്കരിക്കുകയും, സംസ്‌കാരത്തെ കേവലമായ നരവംശശാസ്ത്രത്തിന്റെ ഉപാധിയാക്കി മാറ്റുകയോ വില്‍പനച്ചരക്കുകളുടെ ലേബലാക്കുകയോ ചെയ്യുകയും, അളക്കാനും തൂക്കാനും എണ്ണാനും പറ്റാതെ എല്ലാ അനുഭവങ്ങളും സ്ഥിതിവിവരക്കണക്കുകള്‍ക്ക് പുറത്തായ, എല്ലാ അനുഭവങ്ങളും മൂല്യരഹിതങ്ങളായ അനുഭവങ്ങളാണെന്ന് വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ലോകത്ത്, സ്വന്തം രചനയുടെ ഉപാധിയായ ഭാഷയെ തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഭീകരശക്തിയെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ഒരെഴുത്തുകാരനും എഴുതാനോ ജീവിക്കാനോ സാധ്യമല്ല-അദ്ദേഹം പറഞ്ഞു.
കല്‍പ്പറ്റ നാരായണന്‍, കവി അന്‍വര്‍ അലി സംസാരിച്ചു. തുടര്‍ന്ന് സര്‍ജു ചാത്തന്നൂരിന്റെ “100 അറബ് കവികള്‍” എന്ന പുസ്തകത്തെ വിശകലനം ചെയ്തുകൊണ്ട് നിരൂപകന്‍ ഷാജഹാന്‍ മാടമ്പാട്ട് സംസാരിച്ചു.
ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ നൗഷാദ്, ബിജിത് കുമാര്‍, ശക്തി ജനറല്‍ സെക്രട്ടറി വി പ കൃഷ്ണകുമാര്‍, സാഹിത്യവിഭാഗം സെക്രട്ടറി ജയേഷ് സംസാരിച്ചു.

Latest