അക്രമികളെ പൊലീസ് രക്ഷിക്കുന്നു- സി പി എം

Posted on: November 17, 2013 8:16 pm | Last updated: November 17, 2013 at 8:16 pm

ഉദുമ: പനയാല്‍ പ്രദേശത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരെ നിരന്തരം അക്രമം അഴിച്ചുവിടുന്ന മുസ്ലിംലീഗ് ക്രിമിനലുകളെ രക്ഷിക്കാനുള്ള ബേക്കല്‍ പൊലീസിന്റെ ശ്രമം അവസാനിപ്പിക്കണമെന്ന് സി പി എം ഉദുമ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് ബേക്കല്‍ എസ്‌ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്വീകരിക്കുന്നത്. കള്ളക്കേസില്‍ കുടുക്കി സി പി എം പ്രവര്‍ത്തകരെ രാത്രിയില്‍ വീട് കയറി പിടിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഈ പ്രദേശത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കുന്നതിനുള്ള ശ്രമമാണ് സാമൂഹ്യവിരുദ്ധരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അക്രമം തടയാന്‍ പൊലീസ് ശക്തമായി ഇടപെടണമെന്ന നാട്ടുകാരുടെ ആവശ്യത്തെ നിരാകരിക്കുന്ന സമീപനമാണ് പൊലീസിന്റേത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന പൊലീസ്, ലീഗുകാരനെ അക്രമിച്ചെന്ന കള്ളപ്പരാതിയില്‍ രാത്രിയില്‍ സിപിഐ എം അനുഭാവികളെ വീട് കയറി ഭീഷണിപ്പെടുത്തുകയും സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും ചെയ്യുകയാണ്. മത-സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സിപിഐ എം പ്രവര്‍ത്തകരെ അക്രമിക്കാനാണ് പൊലീസ് ശ്രമം.
പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ല. സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരെ ഒറ്റപ്പെടുത്താന്‍ മുഴുവനാളുകളും രംഗത്തുവരണമെന്ന് ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ അഭ്യര്‍ഥിച്ചു.