Connect with us

Malappuram

ലോഡ്ജ് ഉടമയുടെ മരണം: പ്രതിയുടെ ജാമ്യാപേക്ഷ വീണ്ടും നിരസിച്ചു

Published

|

Last Updated

മഞ്ചേരി: എടപ്പാള്‍ ഐവ റസിഡന്‍സി ഉടമ മൊയ്തീന്‍ (58) മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി വീണ്ടും തള്ളി. പാലക്കാട് ഒറ്റപ്പാലം ചളവറ പുലിയാംകുന്ന് വയരേങ്ങല്‍പറമ്പ് കളത്തുംപടിക്കല്‍ സാലിഹ് (29)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ഇക്കഴിഞ്ഞ ആറിനും ഇതേ കോടതി സാലിഹിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒക്‌ടോബര്‍ 18നാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ലോഡ്ജിലെത്തിയ പ്രതി റൂം ആവശ്യപ്പെടുകയായിരുന്നു. കുടെ രണ്ടു സ്ത്രീകള്‍ കൂടിയുണ്ടാകുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മൊയ്തീന്‍ റൂം നല്‍കിയില്ല. ഇതിനെ തുടര്‍ന്നുണ്ടായ വാഗ്വാദത്തില്‍ പ്രതികള്‍ മൊയ്തീനെ മര്‍ദ്ദിച്ചു. രാത്രി എട്ടു മണിക്കാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൊയ്തീന്‍ പത്തര മണിയായപ്പോള്‍ ഹൃദയാഘാതം മൂലം മരിച്ചു. വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അബ്ദുള്‍ ബഷീറാണ് കേസന്വേഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ഒക്‌ടോബര്‍ 23ന് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നോവാ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന രണ്ടാം പ്രതി എടപ്പാള്‍ പെരുമ്പറമ്പ് കുന്നത്തു വളപ്പില്‍ അക്ബറലി (36), മൂന്നാം പ്രതി ഇക്കൂരത്ത് വളപ്പില്‍ റൗഫ് (38), നാലാം പ്രതി ചെങ്ങിണിക്കര മുണ്ടേങ്ങാട്ടില്‍ സൈനുദ്ദീന്‍ എന്ന സൈനു(46) എന്നിവരെ തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാം പ്രതി പാലക്കാട് കൊല്ലങ്കോട് നെന്മേനി നെടുമണി വീട്ടില്‍ സുരേന്ദ്രന്‍ എന്ന സുര (29) യും റിമാന്‍ഡിലാണ്.

Latest