സമദാനിയെ കുത്തിയ സംഭവം: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

Posted on: November 17, 2013 7:04 am | Last updated: November 17, 2013 at 7:04 am

കോട്ടക്കല്‍: സമദാനിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ എട്ട് മണിയോടെ കനത്ത പോലീസ് സംരക്ഷണത്തിലാണ് സമദാനിയുടെ ചെനക്കലെ വീട്ടില്‍ പ്രതി പുളിക്കല്‍ അഹ്മദ് കുട്ടി എന്ന കുഞ്ഞാവയെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.
വീട്ടിന്റെ കവാടത്തിലെത്തിച്ചാണ് തെളിവെടുത്തത്. ഓടി രക്ഷപ്പെട്ട സ്ഥലം ഇദ്ദേഹം പോലീസിന് കാണിച്ച് കൊടുത്തു. സംഭവമറിഞ്ഞ് നിരവധി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. കേസ് അന്വേഷിക്കുന്ന തിരൂര്‍ ഡി വൈ എസ് പി. സൈദാലി, സി ഐ. ആര്‍ റാഫി, കോട്ടക്കല്‍ എസ് ഐ. കെ പി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. കഴിഞ്ഞ എട്ടാം തീയതിയാണ് സമദാനിക്ക് മൂക്കിന് കുത്തേറ്റത്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.