Connect with us

National

ഫോണ്‍ ചോര്‍ത്തല്‍: മുഖം നഷ്ടപ്പെട്ട് മോഡിയും അമിത് ഷായും

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടി അന്നത്തെ ആഭ്യന്തര സഹമന്ത്രി അമിത് ഷാ ഒരു യുവതിയുടെ ഫോണ്‍ നിരന്തരം ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 2009ല്‍ “സാഹിബിന്” വേണ്ടി ഫോണ്‍ ചോര്‍ത്താന്‍ സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ, ക്രൈം ബ്രാഞ്ച്, എ ടി എസ് എന്നിവക്ക് വാക്കാലുള്ള ഉത്തരവാണ് ഷാ നല്‍കിയത്. യാതൊരു നിയമ പിന്‍ബലവും ഇതിനുണ്ടായിരുന്നില്ല.
ബംഗളൂരു സ്വദേശിനിയും അവിവാഹിതയുമായ യുവതിയുടെ ഫോണ്‍ കോളുകള്‍ നിരന്തരം ചോര്‍ത്തിയതിന്റെ നൂറുകണക്കിന് രേഖകള്‍, ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനായ ഐ പി എസ് ഉദ്യോഗസ്ഥന്‍ ജി എല്‍ സിംഗാള്‍ സി ബി ഐക്ക് കൈമാറിയതോടെയാണ് ഇത് പുറം ലോകമറിഞ്ഞത്. 2009 ആഗസ്റ്റില്‍ എ ടി എസിന്റെ ചുമതലയുണ്ടായിരുന്ന സിംഗാളിനാണ് ഷാ നിര്‍ദേശം നല്‍കിയത്. ഷായും സിംഗാളും തമ്മിലുള്ള ഫോണ്‍ രേഖകള്‍ അടക്കം 267 ശബ്ദ രേഖകളാണ് സി ബി ഐക്ക് ലഭിച്ചത്. പ്രസ്തുത യുവതിയുടെ ഫോണ്‍ ചോര്‍ത്തുന്നതില്‍ “സാഹിബിന്” അതീവ താത്പര്യമുണ്ടായിരുന്നെന്ന് ഷാ പറയുന്നതായി ഡസനിലേറെ രേഖകളിലുണ്ട്. യുവതിയുടെ സ്വകാര്യ നിമിഷങ്ങളും സംഭാഷണങ്ങളും ദൈനംദിന പ്രവൃത്തികളും ഗുജറാത്ത് പോലീസ് അന്ന് നിരീക്ഷിച്ചിരുന്നു. ഒരിക്കല്‍ അഹമ്മദാബാദില്‍ നിന്ന് വിമാനത്തില്‍ യാത്ര നടത്തിയപ്പോള്‍ പോലീസുകാരും ഒപ്പം പുറപ്പെട്ടു. യുവതിയുടെ കുടുംബവും സുഹൃത്തുക്കളും നിരീക്ഷണവിധേയരായി. ഇത്തരമൊരു ചോര്‍ത്തല്‍ നിയമവിരുദ്ധമാണെന്നും ഷായുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് ഇത് ചെയ്തതെന്നും സിംഗാള്‍ പറഞ്ഞു. കോബ്രാപോസ്റ്റ് എന്ന വെബ്‌സൈറ്റാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് രൂക്ഷമായ വിമര്‍ശമാണ് നടത്തിയത്. ഗുജറാത്ത് വംശഹത്യക്കും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കും ശേഷമുള്ള പൗര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്ന് വിവര, പ്രക്ഷേപണമന്ത്രി മനീഷ് തിവാരി പറഞ്ഞു. സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് സി പി എം ആവശ്യപ്പെട്ടു.. മോഡിയെ പ്രതിരോധിച്ച് ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ വൃത്തികെട്ട തന്ത്രങ്ങളാണന്ന് രാജ്‌നാഥ് പറഞ്ഞു.