കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം- കാന്തപുരം

Posted on: November 17, 2013 6:00 am | Last updated: November 17, 2013 at 1:26 am

kanthapuram 2കോഴിക്കോട് : പശ്ചിമഘട്ട സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. പശ്ചിമഘട്ടത്തില്‍ ജനജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന വിധത്തിലുള്ള കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാമെന്ന് ആരും കരുതരുത്. സംസ്ഥാനത്തെ 123 വില്ലേജുകളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കരടുവിജ്ഞാപനം ഇറങ്ങുന്നതിന് മുമ്പു തന്നെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അഞ്ച് കാര്യങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ചത് തന്നെ കൂടുതല്‍ സംശയത്തിന് ഇടവരുത്തിയിട്ടുണ്ട്. ലക്ഷക്കണക്കായ കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും ആശങ്ക മനസ്സിലാക്കാതെയുള്ള ഈ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കര്‍ഷകരുടെതാത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. കൂടിയാലോചനകളിലൂടെയും അഭിപ്രായസമന്വയത്തിലൂടെയും ഈ പ്രതിസന്ധിക്ക് പരിഹാരം കാണണം. ജനങ്ങള്‍ക്ക് ആശങ്കയുളവാക്കുന്ന പല വ്യവസ്ഥകളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധമായി രൂപവത്കരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത്‌വരെയെങ്കിലും കാത്തുനില്‍ക്കാനുള്ള മര്യാദ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം കാണിച്ചില്ല. ഈ ജനദ്രോഹ നടപടിക്കെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒന്നിക്കണം. അതേ സമയം വൈകാരിക പ്രതികരണങ്ങളും അക്രമങ്ങളും ഒന്നിനും പരിഹാരമല്ലെന്നും കാന്തപുരം പറഞ്ഞു.