Connect with us

National

സി എന്‍ ആര്‍ റാവുവിന് വൈകിക്കിട്ടിയ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: വിശ്വോത്തര രസതന്ത്രജ്ഞനും ഇന്ത്യന്‍ ശാസ്ത്ര രംഗത്തെ നെടുംതൂണുമായ സി എന്‍ ആര്‍ റാവുവിന് വൈകിക്കിട്ടിയ ഭാരതരത്‌നം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രഭാവലയത്തില്‍ മുങ്ങിയെങ്കിലും ഈ നേട്ടത്തിന് ഒട്ടും മാറ്റ് കുറയുന്നില്ല. ശാസ്ത്ര ഗവേഷണ രംഗത്തെ രജത നക്ഷത്രമായ റാവുവിന് ഈ നേട്ടം എത്തിപ്പിടിക്കാനായത് 79 ാമത്തെ വയസ്സില്‍. സച്ചിനാകട്ടെ നാല്‍പ്പതിന്റെ യൗവ്വനത്തുടിപ്പിലും. രാജ്യം മറന്നുപോയ അല്ലെങ്കില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയ ശാസ്ത്ര ഭരണ നിര്‍വാഹകനെ ഈ വൈകിയ വേളയിലെങ്കിലും ആദരിക്കാനായെന്ന് ആശ്വസിക്കാം.
റാവുവിന്റെ പ്രധാന ഗവേഷണമേഖലയായ മെറ്റീരിയല്‍ കെമിസ്ട്രി ശുദ്ധശാസ്ത്രത്തില്‍ വരുന്നതായതുകൊണ്ടും ദൈനംദിന ജീവിതത്തില്‍ അതിന്റെ പ്രായോഗികത അനുഭവപ്പെടാത്തതുകൊണ്ടും അദ്ദേഹത്തിന് പലപ്പോഴും പൊതു അംഗീകാരം നേടാന്‍ കഴിഞ്ഞിരുന്നില്ല.
എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനായ റാവുവിന് എതിരാളികളും ഏറെയായിരുന്നു. ഒരിക്കല്‍ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചെന്ന ആരോപണം അദ്ദേഹത്തിനെതിരെ ഉയര്‍ന്നു. അദ്ദേഹം കൂടി കര്‍ത്താവായ ഒരു ഗവേഷണ പ്രബന്ധത്തിന്റെ ആമുഖത്തില്‍ മറ്റൊരു പ്രബന്ധത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ചേര്‍ക്കുകയായിരുന്നു ചെയ്തത്. അന്ന് പ്രബന്ധം കൈകാര്യം ചെയ്ത ഗവേഷക വിദ്യാര്‍ഥിയായിരുന്നു അത് ചെയ്തത്. എങ്കിലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രബന്ധം പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായെങ്കിലും പ്രസിദ്ധീകരിച്ച സ്ഥാപനം അത് അനുവദിച്ചില്ല. പിന്നീട് ഗവേഷക വിദ്യാര്‍ഥി തെറ്റ് ഏറ്റുപറയുകയാണ് ചെയ്തത്.ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന സി എന്‍ ആര്‍ റാവു (79) ഹനുമന്ത റാവുവിന്റെയും നാഗമ്മയുടെയും മകനായി ബംഗളുരുവിലാണ് ജനിച്ചത്. പഠനം ഇന്ത്യയില്‍ തന്നെ പൂര്‍ത്തിയാക്കി അമേരിക്കയിലെ പ്രശസ്തമായ പുര്‍ദു സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റെടുത്തു. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയുമടക്കം ഇരുപതിലേറെ സര്‍വകലാശാലകള്‍ പിന്നീട് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട്.