Connect with us

Kasargod

സദ്ഭാവനാസന്ദേശയാത്രക്ക് ഇന്ന് തുടക്കം

Published

|

Last Updated

കാസര്‍കോട്: സമാധാനം, സാഹോദര്യം, സാമൂഹിക വികസനം എന്നിവ ലക്ഷ്യമിട്ടു കൊണ്ട് ക്വാമി ഏകതാവാരത്തോടനുബന്ധിച്ചുള്ള സദ്ഭാവനാ സന്ദേശയാത്രയ്ക്ക് ജില്ലയില്‍ ഇന്ന് തുടക്കം. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് മഞ്ചേശ്വരത്തെ കുഞ്ചത്തൂര്‍ മാടയില്‍ നടക്കും.
എം എല്‍ എമാരായ പി ബി അബ്ദുറസാഖ്, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് ഹൊസങ്കടി, ഉപ്പള, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, എരിയാല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നെഹ്‌റു യുവകേന്ദ്ര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സോങ്ങ് ആന്റ് ഡ്രാമാ ഡിവിഷന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് യുവജനകാര്യ വകുപ്പ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കേരള ഫോക്‌ലോര്‍ അക്കാദമി, ജനമൈത്രി പോലീസ്, ജില്ലാ സാക്ഷരതാ മിഷന്‍, യുവജന ക്ലബ്ബുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മഞ്ചേശ്വരം മുതല്‍ ഉദിനൂര്‍ വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്.
സന്ദേശയാത്രയില്‍ സോങ്ങ് ആന്റ് ഡ്രാമ ഡിവിഷന്റേയും കേരള ഫോക്‌ലോര്‍ അക്കാദമിയുടെയും കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാ-സംഗീത പരിപാടികളും സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ട്, മാന്ത്രികന്‍ ബാലചന്ദ്രന്‍ കൊട്ടോടി എന്നിവരൊരുക്കുന്ന സ്വരരാഗ വിസ്മയവും നാടന്‍കല-നാടന്‍ പാട്ടുകള്‍ എന്നിവയും അരങ്ങേറും. നാല്‍പതോളം കേന്ദ്രങ്ങളില്‍ യാത്ര സദ്ഭാവനയുടെ സന്ദേശമെത്തിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ സൗഹൃദ സദസ്സുകള്‍, സാംസ്‌ക്കാരിക സമ്മേളനങ്ങള്‍, ലഘുലേഖാ വിതരണം എന്നിവയും സംഘടിപ്പിക്കും.

Latest