പാണത്തൂര്‍-കാഞ്ഞങ്ങാട് സംസ്ഥാപാതയില്‍ 20ന് ഹര്‍ത്താല്‍

Posted on: November 16, 2013 11:02 am | Last updated: November 16, 2013 at 11:02 am

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയുടെ വികസനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20ന് റോഡ് ഹര്‍ത്താല്‍ നടത്താന്‍ ആക്ഷന്‍കമ്മിറ്റി യോഗം തീരുമാനിച്ചു.
രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് ഹര്‍ത്താല്‍. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഏഴാംമൈല്‍ മുതല്‍ പാണത്തൂര്‍ വരെ റോഡ് പൂര്‍ണ്ണമായും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ റോഡ് കേരള-കര്‍ണ്ണാടക സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് മലയോരമേഖലയിലൂടെ കടന്നു പോകുന്ന ഈ റോഡിന്റെ പ്രധാന്യം കണക്കിലെടുത്ത് റോഡ് വികസനം വേണ്ടരീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
രണ്ട് വര്‍ഷം മുമ്പ് കാഞ്ഞങ്ങാട് നിന്നും ഏഴാംമൈല്‍ വരെയുള്ള 17 കിലോമീറ്റര്‍ റോഡ് മേക്കാഡം ടാറിങ്ങ് നടത്തിയിരുന്നു. തുടര്‍ന്ന് 27 കിലോമീറ്റര്‍ റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ബന്ധപ്പെട്ട എഞ്ചിനീയര്‍മാരെയും കാണുകയും ജില്ലയിലെ എം പി, എംഎല്‍എ എന്നിവരുടെ സഹായത്തോടെ ഈ റോഡിനായി ഒരു കോടി രൂപ മാറ്റിവെച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും പ്രവര്‍ത്തികള്‍ തുടങ്ങാന്‍ ബന്ധപ്പെട്ടവര്‍ തയ്യറാട്ടില്ല. ഇതിനാലാണ് റോഡ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.