കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ധൃതിയില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

Posted on: November 16, 2013 10:02 am | Last updated: November 16, 2013 at 10:20 am

oommen chandy

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ധൃതിയില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കസ്തൂരിരംഗന്‍ സമിതിയുടേത് കരട് റിപ്പോര്‍ട്ടാണ്. ആ നിര്‍ദേശങ്ങളിലെ വിയോജിപ്പുകള്‍ അറിയിക്കാന്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. പരിസ്ഥി സംരക്ഷണം എല്ലാവരുടേയും ആവശ്യമാണ്. ജനജീവിതത്തെ ബാധിക്കാത്ത തരത്തില്‍ പരിസ്ഥിതി സംരക്ഷണം നടത്തുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത് 123 വില്ലേജുകളാണ്. ഇവയില്‍ ചില വില്ലേജുകള്‍ പരിസ്ഥിതി ലോലപ്രദേശങ്ങളായി വരില്ലെന്നും അഭിപ്രായമുണ്ട്.  ഒരു വീടുപോലും അവിടെ നിന്ന് ഒഴിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനസമ്പര്‍ക്കപരിപാടിയില്‍ ഇതുവരെ 10,065 പരാതികളാണ് ലഭിച്ചത്. ഇതില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമാവാത്ത പരാതികള്‍ക്കു പുറമെ ഇന്ന് പുതിയ അപേക്ഷകരില്‍ നിന്നും മുഖ്യമന്ത്രി പരാതി സ്വീകരിക്കും.
മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ ഡോ. എം കെ മുനീര്‍, എ പി അനില്‍കുമാര്‍, പി കെ അബ്ദുര്‍റബ്ബ്, എം പിമാരായ എം കെ രാഘവന്‍, എം ഐ ഷാനവാസ്, എം എല്‍ എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
പരാതിക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ക്രമീകരിച്ചത്. ഒരേ സമയം എല്ലാ അപേക്ഷകരും എത്തിയാലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ അപേക്ഷകര്‍ക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. അനുവദിച്ച സമയത്തിന് അരമണിക്കൂര്‍ മുമ്പ് അപേക്ഷകര്‍ ഗ്രൗണ്ടില്‍ എത്തിയാല്‍ മതി. ഉച്ചക്ക് ഒന്നു മുതല്‍ രണ്ട് വരെയും മൂന്ന് മണിക്ക് ശേഷവും മുഖ്യമന്ത്രി പുതിയ അപേക്ഷകരുടെ പരാതി സ്വീകരിക്കും.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത് റേഷന്‍ കാര്‍ഡിലെ അപാകത സംബന്ധിച്ചുളളതാണ്. 5037 അപേക്ഷകളാണ് ഈ വിഭാഗത്തിലുളളത്. ചികിത്സാ സഹായത്തിനായി മുവ്വായിരത്തോളം അപേക്ഷകളുണ്ട്. ഇവര്‍ക്കുളള ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിക്കും.