സി പി എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി

Posted on: November 16, 2013 8:20 am | Last updated: November 16, 2013 at 8:20 am

ശ്രീകണ്ഠപുരം: സി പി എം നേതാക്കളുടെ വധഭീഷണി മൂലം വീട്ടില്‍ പോകാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് യുവാവ് ശ്രീകണ്ഠപുരം സി ഐ, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
സി പി എം മാപ്പിനി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും ഡി വൈ എഫ് ഐ യൂനിറ്റ് സെക്രട്ടറിയുമായിരുന്ന തണ്ടേന്‍ വളപ്പില്‍ നാരായാണനാണ് പരാതി നല്‍കിയത്. സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന താന്‍ പാര്‍ട്ടിയാവശ്യപ്പെട്ടത് പ്രകാരം നിരവധി അക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് നാരായാണന്‍ ശ്രീകണ്ഠപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. രണ്ട് തവണ ജയിലില്‍ കിടന്നിട്ടുമുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ തെറ്റായ നിലപാടുകള്‍ കാരണം അടുത്തിടെ പാര്‍ട്ടി വിട്ട തന്നെ മൂന്ന് തവണ പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമിച്ചു. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. ഇതിന് ശേഷവും ഒരു സി പി എം നേതാവും പ്രവര്‍ത്തകരും മാരകായുധങ്ങളുമായി വീട്ടില്‍ കയറി വന്ന് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും നാരായണന്‍ പറഞ്ഞു. ഭീഷണി കാരണം മൂന്ന് മാസത്തോളമായി വീട്ടില്‍ പോകാതെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിലാണ് കഴിയുന്നതെന്നും ഇപ്പോള്‍ ഫോണ്‍ വഴി ഭീഷണിപ്പെടുത്തുകയാണെന്നും നാരായണന്‍ പറഞ്ഞു.