ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ മരംകൊള്ള വ്യാപകമാകുന്നു

Posted on: November 16, 2013 8:19 am | Last updated: November 16, 2013 at 8:19 am

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ മരംകൊള്ള വ്യാപകമാകുന്നു. ഈട്ടി മരം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ഭീമന്‍ മരങ്ങളാണ് വ്യാപകമായി മുറിച്ച് കടത്തുന്നത്. പട്ടയ സ്ഥലങ്ങളില്‍ നിന്നും സെക്ഷന്‍ 17-വിഭാഗം ഭൂമിയില്‍ നിന്നുമാണ് മരങ്ങള്‍ മുറിച്ച് കടത്തുന്നത്. ഇതിന് വനംവകുപ്പ് ഒത്താശചെയ്ത് കൊടുക്കുന്നുണ്ടെന്നും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയാണ് മരംകടത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്നത്. പാടന്തറയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സെക്ഷന്‍ 17-വിഭാഗം ഭൂമിയില്‍ നിന്ന് ഭീമന്‍ ഈട്ടി മരം മുറിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ മഞ്ചമൂല സ്വദേശിയായ ഒരാളെ വനംവകുപ്പ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിലെ മറ്റൊരു പ്രതിയായ ദേവര്‍ഷോല പഞ്ചായത്ത് കൗണ്‍സിലര്‍ പാടന്തറ സ്വദേശി വി കെ ഹനീഫ (40) ഊട്ടിയിലെ ആശുപത്രിയില്‍ നിന്നും വനംവകുപ്പിനെ കണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇയാളെ പിടികൂടുന്നതിന് വനംവകുപ്പ് ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സില്‍വറോക്ക് മരംമുറിക്കുന്നതിന് അനുമതി വാങ്ങി ഈട്ടിമരം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ച് കടത്തുന്നുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. വനംവകുപ്പിന്റെ അനാസ്ഥകാരണമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. മരംകൊള്ള വ്യാപകമായിട്ടും വനംവകുപ്പ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. അതേസമയം നീലഗിരിയിലെ അതിര്‍ത്തി വനമേഖലകളില്‍ നിന്ന് ധാരാളം മരങ്ങള്‍ മുറിച്ച് കടത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഈയടുത്ത് ജില്ലയിലെ അതിര്‍ത്തി വനമേഖലകളില്‍ കണ്ടെത്തിയിരുന്ന മാവോയിസ്റ്റുകളാണെന്ന് സംശയിച്ചിരുന്നവര്‍ മരംകൊള്ളക്കാരാണോയെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. മാവോയിസ്റ്റുകളുടെ മറവില്‍ വന്‍മരംകൊള്ളയാണ് നടക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.