ചാള്‍സ് രാജകുമാരന്റെ കാറിന് മുമ്പില്‍ കടന്ന സ്വാകാര്യ കാര്‍ പിടികൂടി

Posted on: November 16, 2013 12:31 am | Last updated: November 16, 2013 at 12:31 am

കൊച്ചി: നാല് ദിവസത്തെ കേരള സന്ദര്‍ശനം കഴിഞ്ഞ് മടങ്ങാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് റോഡ് മാര്‍ഗം പോയ ചാള്‍സ് രാജകുമാരന്റെയും സംഘത്തിന്റെയും വാഹനവ്യൂഹത്തിന് മുമ്പില്‍ കടന്ന സ്വകാര്യ കാര്‍ പോലീസ് പിടികൂടി. ഇന്നലെ വൈകീട്ട് 3.30ഓടെ ദേശീയപാതയില്‍ അമ്പാട്ടുകാവ് മുതലാണ് രാജകുമാരന്റെ വാഹനവ്യൂഹത്തിനിടയില്‍ സ്വകാര്യ വാഹനം ഓടിയത്. ആലുവ വരെയുള്ള യാത്രക്കിടയില്‍ പോലീസ് കൈകാണിച്ചിട്ടും സ്വകാര്യ കാര്‍ നിര്‍ത്തിയില്ല.
ആലുവ ബൈപ്പാസില്‍ നിന്ന് ആലുവ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് തിരിഞ്ഞ കാറിനെ പമ്പ് കവലയില്‍ ആലുവ പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. വി വി ഐ പികള്‍ക്ക് മുമ്പുള്ള വാണിംഗ് വാഹനം പോയാല്‍ മറ്റ് വാഹനങ്ങള്‍ നിരത്തില്‍ പാടില്ലെന്നാണ് ചട്ടം. ഇതിന് വിരുദ്ധമായാണ് സ്വകാര്യ വാഹനം കടന്നത്. മലപ്പുറം സ്വദേശികളായ നാല് പേരാണ് കാറിലുണ്ടായിരുന്നത്. എറണാകുളത്ത് ബിസിനസ് ആവശ്യത്തിനെത്തിയ ശേഷം എടത്തല സഹകരണ ബേങ്ക് അടക്കുന്നതിന് മുമ്പ് ചെക്ക് മാറുന്നതിനായി പോകുകയായിരുന്നവെന്ന് കാറിലുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞു. കാറിലുണ്ടായിരുന്നവര്‍ക്കെതിരെ വാഹനവ്യൂഹം തടസപ്പെടുത്തിയതിന് കേസെടുത്തതായി പോലീസ് പറഞ്ഞു.