Connect with us

National

മധ്യപ്രദേശില്‍ ബി ജെ പിയുടെ മുസ്‌ലിം പ്രേമം ഒറ്റ സ്ഥാനാര്‍ഥിയിലൊതുങ്ങി

Published

|

Last Updated

ഭോപ്പാല്‍: മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി വളരെയധികം കാര്യങ്ങള്‍ ചെയ്ത മുഖ്യമന്ത്രിയാണ് മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാനെന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുവേ വിലയിരുത്താറുള്ളത്. ഈദ് പോലുള്ള വേളകളോടനുബന്ധിച്ച് സര്‍ക്കാര്‍ ചെലവില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചും ചില സൗജന്യങ്ങള്‍ പ്രഖ്യാപിച്ചുമാണ് ഇത് സാധിക്കാറുളളത്. പക്ഷേ, തിരഞ്ഞെടുപ്പിന്റെ കാര്യം വന്നപ്പോള്‍ ഇതൊന്നും കാണാനില്ല. ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയാണ് ബി ജെ പി പുറത്തിറക്കിയ പട്ടികയില്‍ ഉള്ളത്. മുന്‍ കേന്ദ്ര മന്ത്രി ആരിഫ് ബെയ്ഗ് (78) ആണ് അത്. ഭോപ്പാല്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. 1992ല്‍ മാത്രമാണ് ഈ മണ്ഡലം ബി ജെ പിക്കൊപ്പം നിന്നത്.
കോണ്‍ഗ്രസ് പട്ടികയില്‍ അഞ്ച് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ഉണ്ട്. ബി ജെ പിയുടെ ന്യൂനപക്ഷ പ്രേമം കള്ളത്തരമാണെന്നതിന്റെ തെളിവാണ് അവരുടെ സ്ഥാനാര്‍ഥി പട്ടികയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഭോപ്പാല്‍ നോര്‍ത്തില്‍ ആരിഫ് ബെയ്ഗിനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് ആരിഫ് അഖീലിനെയാണ്. ഭോപ്പാല്‍ സെന്‍ട്രലില്‍ നിന്ന് ആരിഫ് മസ്ഊദ്, റേവയില്‍ നിന്ന് അബ്ദുല്‍ മജീദ് ഖാന്‍, മുദ്വാരയില്‍ നിന്ന് ഫിറോസ് അഹ്മദ്, ജാവോറയില്‍ നിന്ന് യൂസുഫ് കഡാപാ എന്നിവരാണ് കോണ്‍ഗ്രസ് പട്ടികയിലെ മറ്റ് മുസ്‌ലിംകള്‍.
“ന്യൂനപക്ഷങ്ങള്‍ക്ക് 20-22 ടിക്കറ്റ് വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. അഞ്ച് മുസ്‌ലിംകള്‍ അടക്കം അത് പത്തില്‍ ഒതുങ്ങി”യെന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് മുഹമ്മദ് സാലിം പറഞ്ഞു. എങ്കിലും തങ്ങള്‍ സംതൃപ്തരാണെന്നും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുകയെന്നതാണ് പ്രധാനമെന്നും സാലിം പറഞ്ഞു. ആഘോഷങ്ങള്‍ വരുമ്പോള്‍ തൊപ്പിയും വെച്ച് ഇറങ്ങുന്ന ശിവരാജ് സിംഗ് ചൗഹാന്‍ സമുദായത്തെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest