Connect with us

Kozhikode

അരങ്ങില്‍ ചിരിച്ചും അണിയറയില്‍ കരഞ്ഞും അഗസ്റ്റിന്‍

Published

|

Last Updated

കോഴിക്കോട്: വെള്ളിത്തിരയില്‍ ചിരിയുടെ യും ചിന്തയുടെയും മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച നടന്‍ അഗസ്റ്റിന്‍ ജീവിതത്തില്‍ ഏറെ വേദനിച്ചത് സിനിമയില്‍ നിന്ന് വിട്ടുനിന്ന കാലത്താണ്. 2010 ല്‍ പക്ഷഘാതം ബാധിച്ചതിനെ തുടര്‍ന്നാണ് കലാരംഗത്തു നിന്ന് ഇടവേളയുണ്ടായത്.
ശാരീരികമായ വല്ലായ്മകള്‍ക്കിടയിലും അഭിനയത്തോടുള്ള ഇഷ്ടം കാരണം അദ്ദേഹം ഏവരെയും അമ്പരപ്പിച്ച് തിരികെ എത്തി. ജീവിതത്തില്‍ പലതരം വേഷങ്ങള്‍ കെട്ടിയ അഗസ്റ്റിന്‍ എന്ന കോഴിക്കോട്ടുകാരന്റെ കൈ മുതല്‍ കലയോടുള്ള പ്രണയമായിരുന്നു.
“ആറാം തമ്പുരാനി”ല്‍ തങ്ങളങ്ങാടിയില്‍ നിന്ന് വരുന്ന ബാപ്പു, “രാവണപ്രഭു”വിലെ ഹൈദ്രോസ്, “ഉസ്താദി”ലെ മോഹന്‍ലാലിന്റെ ഡ്രൈവര്‍ ആലിബാപ്പു, മമ്മൂട്ടിക്കൊപ്പം “വല്യേട്ടനി”ലെ ഗംഗാധരന്‍, ചന്ദ്രോത്സവത്തിലെ ജോസ് തുടങ്ങി അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ച കഥാപാത്രങ്ങള്‍ മതി അഗസ്റ്റിനെന്ന നടനെ അറിയാന്‍.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ അഗസ്റ്റിന്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. കോളജ് പഠനം കഴിഞ്ഞതോടെ കോഴിക്കോട്ടെ നാടകാചാര്യനായിരുന്ന ആഹ്വാന്‍ സെബാസ്റ്റ്യനുമായി ബന്ധപ്പെട്ടു. സുരാസു എഴുതിയ “ഉപാസന” യിലൂടെ ശ്രദ്ധേയനായി. 1979ല്‍ “കലോപാസന” എന്ന പേരില്‍ ഈ നാടകം സിനിമയായപ്പോള്‍ അഗസ്റ്റിനും ഒരു വേഷം ലഭിച്ചു. എന്നാല്‍ സിനിമ പെട്ടിയില്‍ കിടന്നു. 1982ല്‍ നെല്ലിക്കോട് ഭാസ്‌കരനുമായി ചേര്‍ന്നും നാടകങ്ങള്‍ അവതരിപ്പിച്ചു. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴും സിനിമതന്നെയായിരുന്നു അഗസ്റ്റിന്റെ മനസ്സുനിറയെ.
കോടമ്പാക്കത്തേക്ക് വണ്ടി കയറിയെങ്കിലും ആദ്യശ്രമം പരാജയപ്പെട്ടു. അഭിനയരംഗത്തോട് വിടപറഞ്ഞ് ഗള്‍ഫില്‍ പോകാനായി നാട്ടിലേക്കു മടങ്ങി. സുഹൃത്തുക്കളോടും പരിചയക്കാരോടുമെല്ലാം കടം വാങ്ങി വിസ സംഘടിപ്പിച്ച് മുംബൈയിലെത്തി. പക്ഷേ വിധി എതിരായിരുന്നു. വ്യാജ വിസയാണ് അഗസ്റ്റിന് കിട്ടിയത്. രണ്ട് വര്‍ഷം മുംബൈയില്‍ അലഞ്ഞുതിരിഞ്ഞ് വീണ്ടും നാട്ടിലേക്ക്.
സിനിമാ മോഹത്തിന്റെ ഉള്‍വിളിയില്‍ അദ്ദേഹം വീണ്ടും അലഞ്ഞു. നടന്‍ ശ്രീനിവാസന്‍ ഒരു പുതിയ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് ഹോട്ടല്‍ മഹാറാണിയില്‍ ഉണ്ടെന്നറിഞ്ഞ് കാണാന്‍പോയി. ചെന്നൈയില്‍ നിന്ന് ശ്രീനിവാസനെ കണ്ട് പരിചയമുണ്ടായിരുന്നു. ഈ പരിചയം കൈമുതലാക്കി തന്റെ ആഗ്രഹം പറഞ്ഞു.
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിന് അനുയോജ്യമായ ലൊക്കേഷന്‍ തിരയുകയായിരുന്ന ശ്രീനിവാസന്‍ സഹായിയായി അഗസ്റ്റിനെ കൂടെകൂട്ടി.
അഗസ്റ്റിന്റെ സഹായത്തോടെ ലൊക്കേഷന്‍ കണ്ടുപിടിച്ച് ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ അഗസ്റ്റിനും ഒരു വേഷം കിട്ടി. പിന്നീട് ഒരുപിടി നല്ല സിനിമകള്‍. ഇടക്കാലത്ത് സീരിയലുകളിലും അഭിനയിച്ചു. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം മിഴിരണ്ടിലും എന്ന സിനിമ നിര്‍മിച്ചു.
ശാരീരികമായി തളര്‍ന്ന അഗസ്റ്റിനെ സിനിമയില്‍ വീണ്ടും സജീവമാക്കാന്‍ സുഹൃത്ത് രഞ്ജിത്ത് ഉള്‍പ്പെടെ നടത്തിയ ശ്രമങ്ങള്‍ ഏറെയാണ്.
ദേവാസുരം, രാവണപ്രഭു എന്നീ ചിത്രങ്ങളില്‍ മംഗലശ്ശേരി നീലകണ്ഠന്റെ സുഹൃത്തായി ജീവിച്ച അഗസ്റ്റിനെ രഞ്ജിത്തിന് അത്ര പ്രിയമായിരുന്നു.
ശരീരത്തിന്റെ ഒരു ഭാഗം മുഴുവന്‍ തളര്‍ന്നിട്ടും നേരമ്പോക്കുകളുമായി സുഹൃത്തുക്കളെ കോഴിക്കോട്ടെ വീട്ടില്‍ സ്വീകരിച്ച അഗസ്റ്റിന്‍ അടുത്തറിയുന്നവരുടെ ഉള്ളില്‍ ചിരിയില്‍ ചാലിച്ച നൊമ്പരച്ചിത്രമായിരുന്നു.

Latest