സച്ചിന്‍ കായിക മന്ത്രിയാകണം

Posted on: November 13, 2013 8:00 am | Last updated: November 13, 2013 at 8:07 am

sachinക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ കായിക മന്ത്രിയായി വരണമെന്ന് മുന്‍ ടെസ്റ്റ് ക്രിക്കറ്റര്‍ ചന്ദുബോര്‍ഡെ. സ്‌പോര്‍ട്‌സില്‍ നിന്ന് സച്ചിന് അധികകാലം വിട്ടുനില്‍ക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് സ്‌പോര്‍ട്‌സ്.
ഭാവിയില്‍, സച്ചിന്‍ കായിക മന്ത്രിയാകുന്നത് കാണാന്‍ ആഗ്രഹമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ വിലയേറിയ സംഭാവനകള്‍ പോലെ സച്ചിന് ഭരണരംഗത്തും ഏറെ ചെയ്യാനാകും- മുന്‍ ചീഫ് സെലക്ടറായ ബോര്‍ഡെ പറഞ്ഞു. 1989 ല്‍ സച്ചിന്റെ അരങ്ങേറ്റ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജറായിരുന്ന ചന്ദുബോര്‍ഡെ അന്ന് മുതല്‍ക്കെ യുവതാരത്തെ ശ്രദ്ധിച്ചിരുന്നു. ക്ഷോഭം നിയന്ത്രിക്കാനുള്ള കഴിവാണ് സച്ചിന്റെ പ്രത്യേകത.
വൈകാരികതക്ക് അടിപ്പെടാതെ സച്ചിന്‍ മത്സരത്തിന്റെ സ്പിരിറ്റിന് ഉതകുന്ന തരത്തില്‍ പെരുമാറും.
അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായാലും സച്ചിന്‍ അസ്വസ്ഥനാകാറില്ല. ഉന്നതമായ ആ സ്വഭാവമഹിമ മറ്റ് ക്രിക്കറ്റ് താരങ്ങള്‍ക്ക് മാതൃകയാണെന്നും ബോര്‍ഡെ.
മാതൃകാപരമായി കുടുംബം നയിക്കുന്ന സച്ചിന്‍ ഇന്ത്യന്‍ യുവത്വത്തിന് ഉദാത്ത മാതൃകയാണെന്നും ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് അക്കാദമി സംഘടിപ്പിച്ച ചടങ്ങില്‍ ബോര്‍ഡെ അഭിപ്രായപ്പെട്ടു.