Connect with us

International

ഫിലിപ്പൈന്‍സിന്റെ കണ്ണീരൊപ്പാന്‍ ലോകരാജ്യങ്ങള്‍

Published

|

Last Updated

മനില: ഹൈയാന്‍ ചുഴലിക്കാറ്റിന്റെ താണ്ഡവത്തില്‍ ദുരന്ത ഭൂമിയായ ഫിലിപ്പൈന്‍സിന് അന്താരാഷ്ട്ര തലത്തില്‍ നിന്ന് കോടിക്കണക്കിന് ഡോളറിന്റെ സഹായം. പതിനായിരങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും ലക്ഷക്കണക്കിന് വരുന്ന അഭയാര്‍ഥികള്‍ക്കും അത്യാവശ്യ സഹായം ഉറപ്പ് വരുത്തുന്നതിന് വേണ്ടി ലോക രാജ്യങ്ങളും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും പ്രഖ്യാപിച്ച സാമ്പത്തിക സഹായം, തുടരെത്തുടരെയുള്ള പ്രകൃതിദുരന്തത്തെ തുടര്‍ന്ന് ആശങ്കയിലായ ഫിലിപ്പൈന്‍സ് സര്‍ക്കാറിന് താത്കാലിക ആശ്വാസമായി.
ഫിലിപ്പൈന്‍സിലെ ദുരന്തബാധിത മേഖലയിലെ അടിയന്തര സഹായത്തിനും മറ്റുമായി യു എന്‍ 30.1 കോടി ഡോളര്‍ പ്രഖ്യാപിച്ചു. 6,73,000ത്തില്‍ അധികം ജനങ്ങള്‍ക്ക് വീട് നഷ്ടപ്പെടുകയും 1.1 കോടിയിലധികം ജനങ്ങളെ ബാധിക്കുകയും ചെയ്ത ദുരന്തത്തില്‍ നിന്ന് ഫിലിപ്പൈന്‍സിനെ കരകയറ്റാന്‍ മുഴുവന്‍ രാജ്യങ്ങളും സന്നദ്ധമാകണമെന്നും യു എന്‍ മനുഷ്യാവകാശ സംഘടനാ വക്താക്കള്‍ അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമായി ഇന്നലെ 2.5 കോടി ഡോളറിന്റെ സഹായം യു എന്‍ ഫിലിപ്പൈന്‍സിന് നല്‍കിയിട്ടുണ്ടെന്ന് യു എന്‍ മനുഷ്യാവാകാശ ഏജന്‍സി മേധാവി വലേറി അമോസ് വ്യക്തമാക്കി. ദുരന്ത ഭൂമിയില്‍ നിന്ന് പലായനം ചെയ്തവര്‍ക്കുള്ള ഭക്ഷണം, താത്കാലിക അഭയാര്‍ഥി ക്യാമ്പുകള്‍, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവക്കാണ് ഈ തുക ചെലവഴിക്കേണ്ടതെന്നും വലോറിയസ് വ്യക്തമാക്കി. ഫിലിപ്പൈന്‍സിലെ ദുരന്തത്തോട് അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന പ്രതികരണത്തില്‍ താന്‍ സന്തുഷ്ടയല്ലെന്നും ദുരന്തബാധിത മേഖലയിലേക്ക് സഹായം എത്തിക്കുന്നതില്‍ വേണ്ടത്ര ഉത്സാഹം അന്താരാഷ്ട്ര തലത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
യു എന്നിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സാമ്പത്തിക സഹായങ്ങളും മറ്റുമായി വിവിധ രാജ്യങ്ങള്‍ രംഗത്തെത്തി. ആസ്‌ത്രേലിയ 99.3 ലക്ഷത്തിന്റെ പാക്കേജ് പ്രഖ്യാപിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ഭക്ഷണം, അഭയാര്‍ഥി ക്യാമ്പ് നിര്‍മാണം എന്നിവ അടങ്ങുന്നതാണ് പാക്കേജ്. യു എ ഇ ഒരു കോടി ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ജപ്പാന്‍, ഉത്തര കൊറിയ, ഇന്തോനേഷ്യ, അമേരിക്ക ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും സഹായങ്ങള്‍ പ്രഖ്യാപിച്ചു.
ഫിലിപ്പൈന്‍സിലെ 41 പ്രവിശ്യകളെ ഹൈയാന്‍ കൊടുങ്കാറ്റ് ദുരന്തത്തിലാഴ്ത്തിയിട്ടുണ്ടെന്നാണ് യു എന്നിന്റെ വിലയിരുത്തല്‍. അതിനിടെ, ചുഴലിക്കാറ്റില്‍ മരിച്ചവരില്‍ 1,744 പേരുടെ മൃതദേഹം കണ്ടെത്തിയതായി ഫിലിപ്പൈന്‍സ് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. 41 പ്രവിശ്യകളെ ഹൈയാന്‍ ദുരന്ത ഭൂമിയാക്കിയിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ നാശ നഷ്ടമുണ്ടായ ലെയ്ത് പ്രവിശ്യയിലെ ടെക്‌ലോബാന്‍ തീരദേശത്ത് മാത്രം മരണ സംഖ്യ പതിനായിരം കവിയുമെന്നും യു എന്‍ വക്താക്കള്‍ അറിയിച്ചു.