2024ല്‍ അഡ്‌നോക് ലക്ഷ്യമിടുന്നത് ദിനംപ്രതി 10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം

Posted on: November 12, 2013 9:00 pm | Last updated: November 12, 2013 at 9:00 pm

അബുദാബി: 2024 ആവുമ്പോഴേക്കും എണ്ണ ഉല്‍പ്പാദനം പ്രതിദിനം 10 ലക്ഷം ബാരലായി വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി അബുദാബി സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അബുദാബി നാഷ്ണല്‍ ഓയല്‍ കമ്പനി(അഡ്‌നോക്)യുടെ പങ്കാളികളായ സാഡ്‌കോ (സക്കൂം ഡവലപ്‌മെന്റ് കമ്പനി) വ്യക്തമാക്കി. ഇതിന്റെ മുന്നോടിയായി 1,400 കോടി ഡോളറിന്റെ വികസന പദ്ധതിക്ക് ഒരുക്കം തുടങ്ങിയതായി സാഡ്‌കോ സീനിയര്‍ വൈസ് പ്രസിഡന്റ് അലി ഹസ്സന്‍ അല്‍ മര്‍സൂഖി വെളിപ്പെടുത്തി.

അഡിപെക് ഓയല്‍ കോണ്‍ഫ്രന്‍സില്‍ തലസ്ഥാനത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബി സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് അഡ്‌നോക്. പദ്ധതി സാക്ഷാത്ക്കരിച്ചാല്‍ 28 ശതമാനം ഉല്‍പ്പാദന വര്‍ധനവാണ് ഉണ്ടാവുക. ഇതോടെ എണ്ണയുടെ ദിനേനയുള്ള ഉല്‍പ്പാദനം 7,50,000 ബാരലായി ഉയരും. 2017 ആകുമ്പോഴേക്കും ഉല്‍പ്പാദനം ഈ നിലയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുക. പിന്നീട് 2024 ആകുമ്പോഴേക്കും ഉല്‍പ്പാദനം പടിപടിയായി 10 ലക്ഷം ബാരലിലേക്ക് ഉയര്‍ത്തും. രാജ്യത്തിന്റെ എണ്ണ നിക്ഷേപം പ്രധാനമായും അബുദാബി എമിറേറ്റിലാണുള്ളത്. ഇവിടെ 5,000 കോടി ബാരല്‍ എണ്ണവരെ ദിനേന കുഴിച്ചെടുക്കാന്‍ സാധിക്കും. എന്നാല്‍ നിലവില്‍ 5,85,000 ബാരല്‍മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഉല്‍പ്പാദനം സുസ്ഥിരമായി 25 വര്‍ഷം വരെ നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. അപ്പര്‍ സക്കൂം എണ്ണപ്പാടത്തുനിന്നാവും കൂടുതല്‍ ഉല്‍പ്പാദനം നടക്കുക.
അഡ്‌നോകിന് 60 ശതമാനം ഓഹരി പങ്കാളിത്തമാണ് സാഡ്‌കോയിലുള്ളത്. ബാക്കിവരുന്ന ഓഹരികള്‍ എക്‌സോണ്‍മൊബില്‍, ജാപ്പാന്‍ ഓയല്‍ ഡവലപ്‌മെന്റ് എന്നീ കമ്പനികള്‍ക്കാണ്.
ഭൂമിയില്‍ ടെര്‍മിനല്‍ സ്ഥാപിച്ചുള്ള എല്‍ എന്‍ ജി റീഗാസിഫക്കേഷന്‍ പദ്ധതിക്ക് മധ്യപൗരസ്ത്യ ദേശത്ത് ആദ്യമായി ഫുജൈറയില്‍ തുടക്കമിട്ടതായി ഇന്റര്‍നാഷ്ണല്‍ പെട്രോളിയം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെയും മുബാദല പെട്രോളിയത്തിന്റെയും സംയുക്ത സംരംഭമായ എമിറേറ്റ്‌സ് എല്‍ എന്‍ ജി അധികൃതര്‍ വെളിപ്പെടുത്തി. ഇതിലൂടെ ദിനേന 120 ലക്ഷം ക്യുബിക് അടി പ്രകൃതിവാതകം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. ഒരു വര്‍ഷം 90 ലക്ഷം ക്യുബിക് അടിയായിരിക്കും പദ്ധതിയിലൂടെയുള്ള ഉല്‍പ്പാദനം. കഴിഞ്ഞ ദിവസം നാഷ്ണല്‍ ഡ്രില്ലിംഗ് കമ്പനി 100 കോടി ദിര്‍ഹത്തിന്റെ ഒമ്പത് ലാന്റ് ഡ്രില്ലിംഗ് റിഗ്‌സ് ചൈന പെട്രോളിയം ടെക്‌നോളജിയില്‍ നിന്നു വാങ്ങിയിരുന്നു.