ചായക്കട തീവെച്ച് നശിപ്പിച്ച സംഭവം: ആറ് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല

Posted on: November 11, 2013 12:16 pm | Last updated: November 11, 2013 at 12:16 pm

വണ്ടൂര്‍: കാലങ്ങളായി പ്രവര്‍ത്തിച്ചുവന്നിരുന്ന ചായ പീടിക തീവെച്ച് നശിപ്പിച്ച സംഭവം നടന്നിട്ട് ആറ് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. തൃക്കലങ്ങോട് പഞ്ചായത്തിലെ പേലേപ്പുറത്തെ വാളശ്ശേരി ഉമറിന്റെ ചായ കടയാണ് കഴിഞ്ഞ മെയ് അഞ്ചിന് സാമൂഹ്യദ്രോഹികള്‍ തീവെച്ച് നശിപ്പിച്ചത്. പുലര്‍ച്ചെ നാല് മണിക്ക് ശേഷമാണ് കടക്ക് തീവെച്ചത്. സംഭവത്തിലെ പ്രതികളെ കുറിച്ച് പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയിട്ടില്ല. സംഭവം നടന്ന ശേഷം രണ്ടു ദിവസം പ്രദേശത്ത് അന്വേഷണം നടത്തിയെന്നല്ലാതെ കാര്യമായ അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്. കാലങ്ങളായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചായ കടയായിരുന്ന വാളശ്ശേരി ഉമറിന്റേത്.ചായപീടികക്ക് സമീപം സ്ഥാപിച്ച ഇരിപ്പിടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പ്രദേശത്തെ ചില യുവാക്കളാണ് സംഭവത്തിന് പിന്നിലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇവരിലേക്ക് പോലീസ് അന്വേഷണം നടത്തിയിട്ടില്ലെന്നാണ് അറിയുന്നത്. കടയില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന വലിയപ്പെട്ടി, മറ്റു ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, ഓടുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായുമാണ് നശിച്ചത്. കൂടാതെ കടയില്‍ സൂക്ഷിച്ചിരുന്ന ഉമറിന്റെയും മകന്റെയും വീടുകളിലെ റേഷന്‍ കാര്‍ഡുകള്‍, ബേങ്ക് പാസ് ബുക്കുകള്‍, സ്ഥലത്തിന്റെയും വീടിന്റെയും നികുതി രശീതികള്‍ തുടങ്ങിയവയും നഷ്ടപ്പെട്ടിട്ടുണ്ട്. കട നശിപ്പിച്ചതോടെ ഇദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗം കൂടിയാണ് ഇല്ലാതായത്. സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം.