ദുബൈ വിമെണ്‍സ് റണ്‍: ആയിരങ്ങള്‍ പങ്കാളികളായി

Posted on: November 10, 2013 7:20 pm | Last updated: November 10, 2013 at 7:39 pm

dubai womens runദുബൈ: നാലാമത് ദുബൈ വിമെണ്‍സ് റണ്ണില്‍ ആയിരങ്ങള്‍ പങ്കാളികളായി. ഇന്നലെ രാവിലെ ഏഴിന് മെയ്ദാന്‍ റെയിസ് കോഴ്‌സിലായിരുന്നു നാലാമത് ദുബൈ വിമെണ്‍സ് റണ്‍ അരങ്ങേറിയത്.
സ്ത്രീകള്‍ക്കിടയില്‍ ആരോഗ്യത്തെക്കുറിച്ചും വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ശക്തമായ ബോധം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് ലോക പ്രശസ്ത ഓട്ടക്കാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഓട്ട മത്സരം നടത്തുന്നത്. ഇത്തവണത്തെ മത്സരത്തില്‍ 5,000 അധികം പേര്‍ പങ്കാളികളായതാണ് വിവരം.

വിവിധ രാജ്യങ്ങില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കൊപ്പം സ്വദേശികളും പ്രവാസി വനിതകളും മണ്ണില്‍ അത്യൂത്സാഹത്തോടെ പങ്കാളികളായി. നിരവധി വീട്ടമ്മമാരും ഓട്ടമത്സരത്തിന് എത്തിയിരുന്നു. അഞ്ചു കിലോമീറ്റര്‍, 10 കിലോമീറ്റര്‍ എന്നിങ്ങിനെ രണ്ട് വിഭാഗമായായിരുന്നു മത്സരം.
ലോക പ്രശസ്ത ഓട്ടക്കാരിയും മൂന്നു തവണ വേള്‍ഡ് ഹാഫ് മാരത്തോണ്‍ ചാമ്പ്യയുമായ കെനിയന്‍ സ്വദേശിനി ടെഗ്‌ള ലൊറൂപെയായിരുന്നു മത്സരം ഫഌഗ് ഓഫ് ചെയ്തത്. ദുബൈ അത്‌ലെറ്റിക് ഫെഡറേഷനും ദുബൈ സ്‌പോട്‌സ് കൗണ്‍സിലുമാണ് മത്സരത്തിന്റെ രക്ഷാധികാരികള്‍.കഴിഞ്ഞ നാലു വര്‍ഷവും ജനങ്ങളില്‍ നിന്നു മികച്ച പിന്തുണയും പങ്കാളിത്തവുമാണ് മത്സരത്തിന് ലഭിക്കുന്നതെന്ന് റെയ്‌സ് ഡയറക്ടര്‍ ലെയ്‌സ യൂടെണ്‍ വ്യക്തമാക്കി. സ്ത്രീകളെ കര്‍മ നിരതരും ഉത്സാഹികളുമാക്കി തീര്‍ക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന നിരവധി പരിപാടികളില്‍ ഒന്നാണിത്.

സ്ത്രീകള്‍ക്കിടയില്‍ ആരോഗ്യ സംരക്ഷണത്തോടൊപ്പം ശാരീരികക്ഷമതയും ഉറപ്പാക്കാനാണ് ഓട്ടമത്സരം ഉള്‍പ്പെടെയുള്ളവയിലൂടെ ലക്ഷ്യമിടുന്നത്. കായിക വിനോദങ്ങള്‍ സ്ത്രീ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റുകയാണ് സന്ദേശം. സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നു അവര്‍ പറഞ്ഞു.

മുഴുവന്‍ സ്ത്രീകളെയും സബന്ധിച്ചിടത്തോളം ഇതൊരു സവിശേഷ നിമിഷമാണെന്നായിരുന്നു ഇന്ത്യക്കാരിയായ ഷെര്‍മീന്‍ പ്രദീപ് കുമാറിന്റെ പ്രതികരണം. ഇത്രയധികം സ്ത്രീകളെ ഒന്നിച്ച് ഇതുപോലൊരു സംഭവത്തില്‍ കാണാന്‍ സാധികുന്നത് അല്‍ഭുതപ്പെടുത്തുന്നതാണ്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍, വിവിധ രീതിയിലുള്ള ആകാരമുള്ളവര്‍ ഇതെല്ലാം എന്റെ അല്‍ഭുതത്തെ ഇരട്ടിപ്പിച്ചതായും ഷെര്‍മിന്‍ പറഞ്ഞു.

നാലു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഞാന്‍ ഓടിയത്. ഓട്ടമത്സരത്തില്‍ പങ്കെടുത്തതോടെ ദേഹത്തേക്ക് പുതിയ ഒരു ഊര്‍ജം കയറിയതായി തോന്നിയെന്ന് ഇന്ത്യക്കാരിയായ മില്‍ന ആന്റണി വ്യക്തമാക്കി. സ്ത്രീകളെ ശാക്തീകരിക്കുന്നതിലും ഓട്ടമത്സരം നിര്‍ണായകമാണെന്നും 27 കാരിയായ മില്‍ന അഭിപ്രായപ്പെട്ടു.