Connect with us

Wayanad

ജില്ലാ സ്‌കൂള്‍ കായികമേള നാളെ തുടങ്ങും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

മീനങ്ങാടി: 12ാമത് വയനാട് റവന്യു ജില്ലാ സ്‌കൂള്‍ കായികമേള ഈ മാസം 11, 12, 13 തിയ്യതികളില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അതിഥേയത്തില്‍ ശ്രീകണ്ഠ ഗൗഡര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11ന് രാവിലെ 10ന് മുന്‍ വര്‍ഷത്തെ കായികമേളയുടെ വേദിയായിരുന്ന മാനന്തവാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂ ളില്‍ നിന്നും ദീപശിഖാപ്രയാണം ആരംഭിക്കും. അവിഭക്ത കോഴിക്കോട് ജില്ലാകായികമേളയില്‍ ചാംപ്യന്മാരും മീനങ്ങാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നുള്ള സംസ്ഥാനകായികതാരങ്ങളുമായിരുന്ന ഒ ടി ലീല, ടി ആര്‍ ജാനകി എന്നിവര്‍ ഏറ്റുവാങ്ങുന്ന ദീപശിഖ ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍, ക്ലബ്ബുകള്‍ എന്നിവ നല്‍കുന്ന സ്വീകരണങ്ങള്‍ക്ക് ശേഷം ഉച്ചക്ക് രണ്ട് മണിക്ക് മീനങ്ങാടിയില്‍ എത്തിച്ചേരും. മൂന്ന് മണിക്ക് വിവിധ മത്സരങ്ങള്‍ ആരംഭിക്കും. 12ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്ര മത്സരവേദിയായ ശ്രീകണ്ഠഗൗഡര്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ഐ തങ്കമണി പതാക ഉയര്‍ത്തും.
കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റിന് ശേഷം വിവിധ വിദ്യാലയങ്ങളില്‍ നിന്നുമുള്ള വര്‍ണ്ണശബളമായ ഡിസ്‌പ്ലേ അരങ്ങറും. തുടര്‍ന്ന് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എസ് വിജയയുടെ അധ്യക്ഷതയില്‍ മേളയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി നിര്‍വ്വഹിക്കും. കായികമേളയുടെ ലോഗോ രൂപകല്പന ചെയ്ത കൃഷ്ണന്‍ കുമ്പളേരിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം സമ്മാനിക്കും. നവംബര്‍ 13ന് നാല് മണിക്ക് നടക്കുന്ന സമാപനസമ്മേളനം ജില്ലാകലക്ടര്‍ കെ ജി രാജു ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ദേവകി ചടങ്ങില്‍ അധ്യക്ഷയായിരിക്കും. കായികരംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്‌ക്കാരം നേടിയ എ കുഞ്ഞിക്കണ്ണന്‍മാസ്റ്ററെ ചടങ്ങില്‍ ആദരിക്കും. മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാപൊലീസ് സൂപ്രണ്ട് കെ കെ ബാലചന്ദ്രന്‍ നിര്‍വ്വഹിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ 94 ഇനങ്ങളിലായി വിവിധ ഉപജില്ലകളില്‍ നിന്നുള്ള 700-ഓളം കായികതാരങ്ങള്‍ അണിനിരക്കും. മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. ഭക്ഷണക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25-ഓളം വിദ്യാലയങ്ങളുടെ സഹകരണത്തോടെ നടത്തിയ കലവറ നിറക്കല്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാനായ സി അസൈനാര്‍, പി വി വേണുഗോപാല്‍, പബ്ലിസിറ്റി കണ്‍വീനര്‍ സുരേഷ്ബാബു വാളല്‍, പ്രിന്‍സിപ്പല്‍ യു ബി ചന്ദ്രിക, ഹെഡ്മാസ്റ്റര്‍ വി രവീന്ദ്രന്‍, ബാവ കെ പാലുകുന്ന്, ബി ബിനേഷ്, പി ആര്‍ ഉണ്ണികൃഷ്ണന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.