ആലങ്കോട് പ്രസിഡന്റ് സ്ഥാനം: കോണ്‍ഗ്രസില്‍ തീരുമാനമായി

Posted on: November 10, 2013 12:36 pm | Last updated: November 10, 2013 at 12:36 pm

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായി. ഇന്നലെ നടന്ന യോഗത്തില്‍ ടി വി സുലൈമാനെയാണ് പ്രസിഡന്റ് സ്ഥാനര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചത്. ആലങ്കോട് പഞ്ചായത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് ലഭിച്ച പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദവുമായി പാര്‍ട്ടിയിലെ രണ്ട് അംഗങ്ങള്‍ രംഗത്തെത്തിയത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. നേരത്തെ നടന്ന രണ്ട് യോഗങ്ങളിലും സ്ഥാനര്‍ഥിയെ തീരുമാനിക്കാനാകാത്തതിനെ തുടര്‍ന്ന് ഇന്നലെ നടന്ന ജനറല്‍ബോഡി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മാറ്റിവെക്കുകയായിരുന്നു. ഇതോടെ നാളെ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് യു ഡി എഫ് ഒറ്റക്കെട്ടായി നേരിടും. നേരത്തെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ലീഗും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ലീഗ് അംഗമായിരുന്ന പ്രസിഡന്റിനുള്ള പിന്തുണ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് നടന്ന അവിശ്വാസ പ്രമേയത്തില്‍ പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്യുകയും പ്രസിഡന്റ് പുറത്താകുകയും ചെയ്തിരുന്നു. പിന്നീട് കോണ്‍ഗ്രസും ലീഗും തമ്മില്‍ ആലങ്കോട് ബന്ധം വഷളായിരുന്നു. യു ഡി എഫ് മണ്ഡലം കമ്മറ്റി ഉണ്ടാക്കിയ നീക്കുപോക്കിന്റെ അടിസ്ഥാനത്തിലാണ് ആലങ്കോട് പഞ്ചായത്തില്‍ ഒരു വര്‍ഷം പ്രസിഡന്റ്സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചത്. ഇതോടെ കഴിഞ്ഞ അന്‍പത് വര്‍ഷമായി ലീഗിന്റെ കൈവശമുണ്ടായിരുന്ന പ്രസിഡന്റ് സ്ഥാനമാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്.