Connect with us

Sports

അശ്വിന്‍ നമ്പര്‍ വണ്‍ ആള്‍ റൗണ്ടര്‍

Published

|

Last Updated

ദുബൈ: ഐ സി സി ആള്‍ റൗണ്ടര്‍ റാങ്കിംഗില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ ഒന്നാം സ്ഥാനത്ത്. കൊല്‍ക്കത്ത ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ പുറത്തെടുത്ത ആള്‍ റൗണ്ടര്‍ മികവാണ് അശ്വിന്റെ റാങ്കിംഗ് ഉയര്‍ത്തിയത്.
124 റണ്‍സും അഞ്ച് വിക്കറ്റുമാണ് അശ്വിന്റെ പ്രകടനം. ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയും അഞ്ച് വിക്കറ്റ് പ്രകടനവും രണ്ട് തവണ ആവര്‍ത്തിച്ച ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് അശ്വിന്‍. 81 റേറ്റിംഗ് പോയിന്റാണ് അശ്വിന്. 43 റേറ്റിംഗ് പോയിന്റുള്ള ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസനാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ് മൂന്നാം സ്ഥാനത്ത്. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിലും അശ്വിന്‍ കുതിച്ചു. പതിനെട്ട് സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിന്‍ 45ാം സ്ഥാനത്ത്. ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ രണ്ട് സ്ഥാനം കയറി ആറാം സ്ഥാനത്താണ് അശ്വിന്‍.
ഇന്ത്യക്കായി തകര്‍പ്പന്‍ അരങ്ങേറ്റം നടത്തിയ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും ഐ സി സി ടെസ്റ്റ് പ്ലെയര്‍ റാങ്കിംഗില്‍ ഇടം നേടി. ബാറ്റിംഗ് റാങ്കിംഗില്‍ അറുപത്തിമൂന്നാം സ്ഥാനത്താണ് രോഹിത്. ബൗളിംഗ് റാങ്കിംഗില്‍ മുഹമ്മദ് ഷമി അമ്പത്തിമൂന്നാമതും. രോഹിത് 177 റണ്‍സോടെ, അരങ്ങേറ്റ സെഞ്ച്വറി നേടുന്ന പതിനാലാമത് ഇന്ത്യന്‍ താരമായപ്പോള്‍ ഷമി 118 റണ്‍സിന് ഒമ്പത് വിക്കറ്റുകള്‍ പിഴുത്, അരങ്ങേറ്റത്തിലെ രണ്ടാമത്തെ മികച്ച ഇന്ത്യന്‍ പ്രകടനം കാഴ്ചവെച്ചു. കൊല്‍ക്കത്ത ടെസ്റ്റില്‍ തിളങ്ങിയ വിന്‍ഡീസ് ഓഫ് സ്പിന്നര്‍ ഷെയിന്‍ ഷില്ലിംഗ്‌ഫോര്‍ഡും ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറും റാങ്കിംഗ് മെച്ചപ്പെടുത്തി. 167ന് ആറ് വിക്കറ്റെടുത്ത ഷില്ലിംഗ്‌ഫോര്‍ഡ് പതിനേഴാം സ്ഥാനത്താണ്. പതിമൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍ എണ്‍പത്തേഴാം സ്ഥാനത്തും.
ബാറ്റിംഗ്, ബൗളിംഗ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ദക്ഷിണാഫ്രിക്കക്കാണ്. യഥാക്രമം എബി ഡിവില്ലേഴ്‌സും ഡെയില്‍ സ്റ്റെയിനും.