മന്‍മോഹന്‍ ലങ്കയിലേക്കില്ല; പകരം ഖുര്‍ഷിദ് പോവും

Posted on: November 10, 2013 8:59 am | Last updated: November 10, 2013 at 8:59 am

manmohanന്യൂഡല്‍ഹി: ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ (കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗ്- ചോഗം) പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദാ രജപക്‌സേക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് കത്തെഴുതുമെന്നാണ് അറിയുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.
ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രതികരിച്ചത്. ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ആരാണ് നയിക്കുകയെന്നത് ഇതുവരെ ശ്രീലങ്കന്‍ സര്‍ക്കാറിനെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കില്ലെങ്കില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്ത്യയെ പ്രതിനിധാനം ചെയ്യുമോയെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. 15നാണ് യോഗം.
പ്രധാനമന്ത്രിയുടെ ശ്രീലങ്കാ സന്ദര്‍ശനത്തെ വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ധനമന്ത്രി പി ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കള്‍ എതിര്‍ത്തിരുന്നു. ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ വ്യാപകമായി യുദ്ധക്കുറ്റങ്ങള്‍ അരങ്ങേറിയതിന് തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യോഗത്തില്‍ നിന്ന് പ്രധാനമന്ത്രി വിട്ടുനില്‍ക്കണമെന്നാണ് തമിഴ് സംഘടനകളുടെ ആവശ്യം.
1993നു ശേഷം അഞ്ച് തവണയാണ് ചോഗം സമ്മേളനം നടന്നത്. ഇതില്‍ അഞ്ച് തവണയും പ്രധാനമന്ത്രിയാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. നാല് തവണ കേന്ദ്ര മന്ത്രിമാരും ഒരു തവണ ഉപരാഷ്ട്രപതിയും ഇന്ത്യയെ പ്രതിനിധാനം ചെയ്തതായി അക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടി.