Connect with us

Kozhikode

ഗുജറാത്തില്‍ മോഡിയുടെ സ്വേച്ഛാധിപത്യം: ഷബ്‌നം ഹാഷ്മി

Published

|

Last Updated

കോഴിക്കോട്: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി നിയമസഭാ സംവിധാനത്തെ നോക്കുകുത്തിയാക്കി സ്വേച്ഛാധിപത്യം നടപ്പാക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തക ഷബ്‌നം ഹാഷ്മി. ഫറോക്ക് എം ബി എല്‍ മീഡിയ സ്‌കൂളിലെ ജേര്‍ണലിസം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
മോഡിയുടെ വെല്ലുവിളി മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയാക്രമണങ്ങളിലും വിവേചനങ്ങളിലും പരിമിതമല്ല. ഏകാധിപത്യത്തിന്റെ പ്രതീകമാണ് അദ്ദേഹം. വര്‍ഷത്തില്‍ ശരാശരി 30 ദിവസം മാത്രമാണ് ഗുജറാത്തില്‍ നിയമസഭ സമ്മേളിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ സാങ്കേതിക ഉപാധി ഉള്‍പ്പെടെയാണിത്. സാമാജികര്‍ക്കു ചോദ്യം ചോദിക്കാന്‍ പോലും അവസരമില്ല. ശക്തനായ പ്രധാനമന്ത്രിയെയാണ് വേണ്ടതെന്ന പ്രചാരവേല ജനാധിപത്യത്തിനു പകരം ഏകാധിപത്യം കൊണ്ടുവരാനുള്ള കളമൊരുക്കലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായ വര്‍ഗീയതയുടെ പ്രതിരൂപമാണ് മോഡി. കോര്‍പറേറ്റ് പ്രചാരവേലകളിലൂടെ സൃഷ്ടിക്കുന്ന കരുത്തുറ്റ വികസന നായകന്‍ എന്ന പരിവേഷം വസ്തുതകളെ മറച്ചുപിടിക്കാനാണ്. ഗുജറാത്ത് വികസനം ഊതിവീര്‍പ്പിച്ച സോപ്പ് കുമിളയാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 60000 ചെറുകിട വ്യവസായങ്ങള്‍ സംസ്ഥാനത്ത് അടച്ചുപൂട്ടി . അയ്യായിരത്തിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. പൊതുകടം 45,301 കോടിയില്‍ നിന്ന് 1,38,978 കോടിയായി വര്‍ധിച്ചു. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 44.6 ശതമാനം പേര്‍ പോഷക കുറവ് അനുഭവിക്കുന്നു. 70 ശതമാനം കുട്ടികള്‍ക്ക് വിളര്‍ച്ചയും 40 ശതമാനം പേര്‍ക്ക് ഭാരക്കുറവും ഉണ്ട്. ഇതിനിടയിലും അഴിമതി വന്‍തോതില്‍ വര്‍ധിക്കുകയാണ്. കുത്തകകള്‍ക്ക് ഭൂമി സൗജന്യ നിരക്കില്‍ തീറെഴുതി നല്‍കുന്നു. അഴിമതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും വെല്ലുന്ന നിലയിലാണ് ഗുജറാത്തെന്നും ഷബ്‌നം ഹാഷ്മി പറഞ്ഞു. മീഡിയ സ്‌കൂള്‍ ഡയറക്ടര്‍ ജി ബിജുമോഹന്‍ സ്വാഗതം പറഞ്ഞു.

Latest