ചെരണ്ടത്തൂര്‍ ചിറ ജലനിധി പദ്ധതിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഗുണഭോക്താക്കള്‍

Posted on: November 9, 2013 7:59 am | Last updated: November 9, 2013 at 7:59 am

വടകര: മണിയൂര്‍ ചെരണ്ടത്തൂര്‍ ചിറയില്‍ നടപ്പാക്കുന്ന ജലനിധി പദ്ധതിക്കെതിരെ നടക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജലനിധി ഗുണഭോക്തൃ ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെരണ്ടത്തൂര്‍ ചിറയില്‍ നിന്ന് വെള്ളമെടുത്ത് പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ കുടിവള്ളമെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആറര പതിറ്റാണ്ടായി കുടിവെള്ള പദ്ധതികള്‍ക്ക് ശ്രമിക്കുന്ന പഞ്ചായത്താണിത്. ചെറുകിട പദ്ധതികള്‍ യാഥാര്‍ഥ്യമാകില്ലെന്ന തിരിച്ചറിവാണ് ചെരണ്ടത്തൂര്‍ ചിറയില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഈ വെള്ളം നാല് തവണ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതായും ചിറയില്‍ നിന്ന് കൃഷി ചെയ്യാനായി പുറത്തേക്ക് തള്ളുന്ന വെള്ളം കുടിവെള്ള പദ്ധതിക്ക് ഉപയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെ രാഷ്ട്രീയ ഭേദമെന്യേയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ എതിര്‍പ്പുമൂലം ഈ പദ്ധതി അവതാളത്തിലായിരിക്കുകയാണ്.
3242 കുടംബങ്ങളാണ് ഈ പദ്ധതിക്കായി കാത്തിരിക്കുന്നത്. 66 വര്‍ഷം കഴിഞ്ഞിട്ടും കുടിവെള്ളം സ്വന്തമായി ലഭിക്കാതെ നിരാശരായി കഴിയുന്നവരുടെ അവസാന പ്രതീക്ഷയാണ് ജലനിധി പദ്ധതിയെന്നും ഇവര്‍ പറഞ്ഞു. കുടിവെള്ളം ലഭിക്കുക എന്നത് അവകാശമാണ്. ഇത് നേടിയെടുക്കുന്നതിന്റെ ഭാഗമായി നാളെ വൈകീട്ട് നാലിന് മണിയൂര്‍ പഞ്ചായത്ത് ഹൈസ്‌കൂളില്‍ വെച്ച് ജല അവകാശ പ്രഖ്യാപനം നടത്തും.
കെ കെ ലതിക എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി റീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കമല ആര്‍ പണിക്കര്‍, വി ടി ഉഷ, എന്‍ വി അനിത പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് പ്രമോദ് മൂഴിക്കല്‍, എന്‍ കെ ഹാഷിം, കെ കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, എന്‍ പി ശ്രീധരന്‍, വി എം പ്രദീപന്‍ പങ്കെടുത്തു.