കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌: വിദഗ്ധ സമിതി പശ്ചിമഘട്ടം സന്ദര്‍ശിക്കും

Posted on: November 9, 2013 1:17 am | Last updated: November 9, 2013 at 1:17 am

kkasthuriranganതിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ അന്തിമ നിലപാട് തീരുമാനിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ പരാതി നല്‍കിയ ജനപ്രതിനിധികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സമിതി തെളിവെടുക്കും. പരിസ്ഥിതി സംഘടനകള്‍, കര്‍ഷക സംഘടനകള്‍ എന്നിവയുടെ അഭിപ്രായവും ആരായും. ഈ മാസം ഇരുപതിന് അടിമാലി, നെടുങ്കണ്ടം പ്രദേശങ്ങളിലും 21ന് കട്ടപ്പന, ചെറുതോണി, തൊടുപുഴ എന്നിവിടങ്ങളിലും 26ന് ഇരിട്ടി, കൊട്ടിയൂര്‍, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലും 27ന് കല്‍പ്പറ്റ, കുരാച്ചുണ്ട്, കോടഞ്ചേരി എന്നീ പ്രദേശങ്ങളിലുമായിരിക്കും യോഗം ചേരുകയെന്ന് സമിതിയുടെ ആദ്യ യോഗത്തിന് ശേഷം മെംബര്‍ സെക്രട്ടറി ഡോ. കെ പി ലാലാദാസ് അറിയിച്ചു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ 123 വില്ലേജുകളാണ് പരിസ്ഥിതിലോല പ്രദേശമാകുന്നതെങ്കിലും അത് സംസ്ഥാനത്തിന്റെ വിസ്തൃതിയുടെ 33.72 ശതമാനം വരുമെന്നാണ് കണക്ക്. ഇടുക്കിയിലെ മാത്രം 49 വില്ലേജുകളെയാണ് റിപ്പോര്‍ട്ട് പ്രതികൂലമായി ബാധിക്കുക.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ കരട് വിജ്ഞാപനമിറങ്ങിയാല്‍ ഉടന്‍ തന്നെ അതിന്റെ മലയാള പരിഭാഷ തയ്യാറാക്കി എം എല്‍ എമാര്‍, 123 വില്ലേജുകളിലെ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രം അഭിപ്രായം തേടിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്.
വിദഗ്ധ സമിതി കണ്‍വീനര്‍ ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഡോ. ഉമ്മന്‍ വി ഉമ്മന്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ഡോ. രാജശേഖരന്‍ പിള്ള, റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. പി സി സിറിയക് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശകള്‍ കേന്ദ്രത്തിന് നല്‍കുക.