Connect with us

Articles

അസം വിളിക്കുന്നു

Published

|

Last Updated

കേരളവുമായി പലവിധ സമാനതകളുമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനമാണ് അസം. കാലാവസ്ഥയിലും കാര്‍ഷിക വിളകളിലും വരെ ഈ സാമ്യം പ്രകടമാണ്. ജനസംഖ്യയുടെ 70 ശതമാനത്തോളം കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടവര്‍. അസമീസ്, ബംഗ്ലാ, ബോഡോ, ബോറോ ഭാഷകള്‍ ഇവിടുത്തുകാര്‍ സംസാരിക്കുന്നുവെങ്കിലും അസമീസിനൊപ്പം ഹിന്ദിയും ഇംഗ്ലീഷുമാണ് ഔദ്യോഗിക ഭാഷകള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചിലത് പല ഘട്ടങ്ങളിലായി അസമില്‍ നിന്ന് വേര്‍പെട്ട് സംസ്ഥാന പദവി നേടിയവയാണ്. ഗോത്രവര്‍ഗക്കാര്‍ക്ക് മേല്‍ക്കൈയുള്ള സംസ്ഥാനങ്ങളാണ് ഇവയെല്ലാം. പലയിടങ്ങളിലും ഗോത്രവര്‍ഗ നേതാക്കളാണ് ഭരണാധിപന്മാരും ന്യായാധിപന്മാരുമെല്ലാം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ വലിയൊരു ജനവിഭാഗമാണ്. പശ്ചിമ ബംഗാളില്‍ നാല് കോടി മുസ്‌ലിംകളുണ്ട്. മണിപ്പൂരിന്റെ ജനസംഖ്യയില്‍ 33 ശതമാനം മുസ്‌ലിംകളാണ്. മൂന്ന് കോടിയോളം ജനസംഖ്യയുള്ള അസമിലാകട്ടെ മുസ്‌ലിം ജനസംഖ്യ ഒരു കോടിയാണ്. പക്ഷേ, ജനസംഖ്യയിലെ ഈ എണ്ണപ്പെരുപ്പം അവരുടെ ജീവിതനിലവാരത്തെ കാര്യമായി സ്വാധീനിച്ചിട്ടില്ല. അവര്‍ ഒരു സംഘശക്തിയല്ല എന്നതു തന്നെയാണ് പ്രധാന പരിമിതി. അതുകൊണ്ട് തന്നെ അവരുടെ ആവശ്യങ്ങള്‍ ആരുമറിയുന്നില്ല. അറിയുന്നവര്‍ പരിഗണിക്കുന്നുമില്ല. ഏര്‍പ്പെടുന്ന തൊഴിലിന് മാന്യമായ വേതനം ലഭിക്കുന്നില്ല. അവര്‍ ഇപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു. പകലന്തിയോളം അധ്വാനിച്ചാല്‍ കിട്ടുന്നത് നൂറ് രൂപ. ഏറിയാല്‍ നൂറ്റമ്പത്. ഈ വരുമാനംകൊണ്ട് അവര്‍ക്ക് കുടുംബം പുലര്‍ത്താനോ ജീവിതാവശ്യങ്ങള്‍ നിറവേറ്റാനോ കഴിയുന്നില്ല.
ഗോത്ര മേധാവിത്വവും വംശീയ ചിന്തകളും അസമിന്റെ സമാധാനാന്തരീക്ഷത്തിന് പലപ്പോഴും പരുക്കേല്‍പ്പിച്ചിട്ടുണ്ട്. 1979 മുതല്‍ 1985 വരെ നീണ്ട കലാപം മറക്കാനാകില്ല. “വിദേശികളെ പുറത്താക്കുക” എന്ന ആക്രോശമുയര്‍ത്തി നടത്തിയ ആ കലാപമാണ് അസം ഗണപരിഷത്തിന് അധികാരത്തിലേക്കുള്ള വഴി തുറന്നത്. അതില്‍ നിന്ന് തന്നെ കലാപത്തിന്റെ വ്യാപ്തിയും അത് ജനമനസ്സുകളിലുണ്ടാക്കിയ അനുരണനങ്ങളും മനസ്സിലാക്കാവുന്നതാണ്. 1990 കളില്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂനിയനും ബോഡോ പീപ്പിള്‍സ് ആക്ഷന്‍ കമ്മിറ്റിയും ബോഡോ രാജ്യമാവശ്യപ്പെട്ട് കലാപത്തിനിറങ്ങി. ഇതേ കാലത്ത് തന്നെയാണ് ഉള്‍ഫ തീവ്രവാദവും ശക്തി പ്രാപിക്കുന്നത്. സമാന്തര ഭരണം പ്രഖ്യാപിച്ച് അവര്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുന്നിടത്തോളം കാര്യങ്ങളെത്തി.
പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുള്ള ബോഡോ നീക്കങ്ങള്‍ ഇപ്പോഴും സജീവമാണ്. കൊക്രാജാര്‍, ദൂബ്രി, ചിരാംഗ് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ബോഡോ വാഴ്ചയാണുള്ളത്. ക്രമസമാധാന പാലനം മാത്രമേ ഇവിടങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ “ഉത്തരവാദിത്വ”ത്തില്‍ വരുന്നുള്ളൂ. മറ്റെല്ലാറ്റിലും ബോഡോകളുടെ “സ്വയംഭരണ”മാണ്. ലോവര്‍ അസം എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ബൊറാക്വാലിയില്‍ പെടുന്ന ഈ പ്രദേശങ്ങളില്‍ മുസ്‌ലിം സാന്നിധ്യം ചെറുതല്ല, 1971ലെ പാക്കിസ്ഥാന്‍ യുദ്ധത്തിന് ശേഷം കുടിയേറിയവരാണെന്ന വ്യാജവാദമുയര്‍ത്തി ഇവരെ അപായപ്പെടുത്താനും മുസ്‌ലിം കേന്ദ്രങ്ങളില്‍ അക്രമമഴിച്ചുവിടാനും ബോഡോകള്‍ 2012ല്‍ രംഗത്തിറങ്ങി. ആയുധധാരികളായ ബോഡോ തീവ്രവാദികള്‍ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് ആട്ടിയോടിച്ചു. ഇരുപത്തയ്യായിരത്തോളം വീടുകള്‍ അഗ്നിക്കിരയാക്കി. മൂന്ന് ലക്ഷത്തോളം പേര്‍ അഭയാര്‍ഥി ക്യാമ്പുകളിലെത്തി. തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കാനുള്ള കച്ചിത്തുരുമ്പായിരുന്ന തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ കത്തിനശിച്ചതോടെ ഇവരുടെ പൗരത്വം പുതിയ ചോദ്യവും പ്രതിസന്ധിയുമായി രൂപപ്പെട്ടു. വിവിധ അഭയാര്‍ഥി ക്യാമ്പുകളിലായി ഒന്നര ലക്ഷത്തോളം പേര്‍ ഇപ്പോഴും ജീവിക്കുന്നു എന്നത് ബോഡോ കലാപത്തിന്റെ ബാക്കിപത്രം.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളിലാണ് അഭയാര്‍ഥി ക്യാമ്പുകളൊരുക്കിയിരുന്നത്. ഫലം, സ്‌കൂളുകളില്‍ അധ്യയനം മുടങ്ങി. ആ പ്രദേശത്തെ കുട്ടികള്‍ക്ക് പഠനം വഴിമുട്ടി. വിവിധ നാടുകളില്‍ നിന്നെത്തിയ അഭയാര്‍ഥി കുടുംബങ്ങളിലെ കുട്ടികള്‍ക്കാകട്ടെ അവരുടെ നാട്ടിലും പഠിക്കാനാകുന്നില്ല. ഇവിടെയും പഠനാവസരമില്ല. അങ്ങനെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് ആക്കം കൂട്ടി കലാപകാരികള്‍.
നൂറും നൂറ്റമ്പതും കുട്ടികള്‍ക്ക് പഠിക്കാന്‍ മാത്രം സൗകര്യമുള്ള സ്‌കൂളുകളിലാണ് അഞ്ഞൂറും അതിലേറെയും കുടുംബങ്ങള്‍ അഭയാര്‍ഥികളായി കഴിയുന്നത്. സര്‍ക്കാര്‍ നല്‍കുന്ന അരിയും പഞ്ചസാരയും വെളിച്ചെണ്ണയും കൊണ്ട് ജീവിതം “വേവിച്ചെടുക്കാന്‍” അവര്‍ പെടാപാട് പെടുന്നു. ക്യാമ്പിലെ ഈ അംഗസംഖ്യയില്‍ നിന്നു തന്നെ അതിന്റെ ദയനീയത ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരകള്‍ക്കായി മനുഷ്യസ്‌നേഹികള്‍ സഹായമെത്തിച്ചു. ധരിച്ച വസ്ത്രവുമായി പ്രാണനും കൊണ്ടോടിയവര്‍ക്ക് കൈത്താങ്ങായത് ഈ സഹായഹസ്തമാണ്. സംഭവത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് കേരളത്തിലെ സുന്നി പ്രസ്ഥാനങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിച്ചു. മതം വിഭാവനം ചെയ്യുന്ന സഹജീവിസ്‌നേഹം ദേശഭാഷാ വൈജാത്യങ്ങളെ അതിജയിക്കുന്നതാണെന്ന വിളംബരവും ഇരകളോടുള്ള ഐക്യപ്പെടലുമായിരുന്നു ഇതില്‍ പ്രകടമായത്. സുന്നീ പ്രസ്ഥാനങ്ങള്‍ ഐക്യദാര്‍ഢ്യം പ്രസ്താവനകളിലൊതുക്കിയില്ല. നേതാക്കള്‍ കലാപ സ്ഥലം സന്ദര്‍ശിച്ചു. അഭയാര്‍ഥി ക്യാമ്പുകളിലെ ദയനീയത കണ്ടു. സര്‍ക്കാര്‍ നല്‍കുന്ന അരി വേവിച്ചു വിളമ്പാന്‍ പാത്രങ്ങളെത്തിക്കുകയാണ് ആദ്യം ചെയ്തത്. അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്‌യുമായും മറ്റു മന്ത്രിമാരുമായും സംസാരിച്ചു.
അവിടെയും നിര്‍ത്തിയില്ല ഇടപെടലുകള്‍. കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകര്‍ അസം സുഹൃത്തുക്കളുടെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങി. പിറകെ വന്ന ബലി പെരുന്നാളില്‍ അഭയാര്‍ഥി ക്യാമ്പുകളിലെ സഹോദരി സഹോദരന്മാര്‍ക്കായി മൂന്ന് കോടി ജോഡി വസ്ത്രങ്ങളാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്. വസ്ത്രങ്ങള്‍ നേരിട്ട് ക്യാമ്പുകളിലെത്തിച്ച് വിതരണം ചെയ്തു.
നശിപ്പിക്കപ്പെട്ട വീടുകള്‍ പുനര്‍നിര്‍മിക്കാനും മടങ്ങിപ്പോയവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കാനും സുന്നി സംഘടനകള്‍ക്ക് കീഴിയില്‍ പദ്ധതിയാവിഷ്‌കരിച്ചിട്ടുണ്ട്. അസം റിലീഫ് സെല്ലിന്റെ സെന്‍ട്രല്‍ കമ്മിറ്റിയാണ് ഈ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അഭയാര്‍ഥികള്‍ക്ക് ആയിരം വീടുകള്‍ നിര്‍മിച്ചുനല്‍കാനാണ് സംഘടന ഉദ്ദേശിക്കുന്നത്. ഇതില്‍ നൂറ് വീടുകള്‍ 2014ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് കുടുംബങ്ങള്‍ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. അതിനായി ചിരാഗ് ജില്ലയിലെ പത്മപൂര്‍ വില്ലേജില്‍ സ്ഥലം വാങ്ങിയിട്ടുണ്ട്.
മുസ്‌ലിം ജനവിഭാഗത്തിന്റെ മതപരമായ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാന്‍ നിരവധി മദ്‌റസകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഒപ്പം ബംഗ്ലാ ഭാഷയില്‍ കിതാബുകള്‍ പ്രസിദ്ധീകരിക്കുന്നതിനും പദ്ധതിയുണ്ട്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മതപരമായ കാര്യങ്ങള്‍ക്കായി ബൊരാക്‌വാലിയില്‍ ഒരു ഓഫീസ് തുറന്നിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പതിനാറ് പള്ളികള്‍ നിര്‍മിച്ചുകഴിഞ്ഞു.
ചെയ്തതിലേറെ കാര്യങ്ങള്‍ ഇനിയുമവിടെ ചെയ്യാനുണ്ട്. മതപഠനാവസരങ്ങള്‍ വര്‍ധിപ്പിക്കണം. കൂടുതല്‍ ഇടങ്ങളില്‍ പള്ളികള്‍ ആവശ്യമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സ്ഥാപിതമാകണം. ഉപരിപഠനത്തിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും അവര്‍ക്കാവശ്യമായ സഹായ ഹസ്തങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിക്കേണ്ടതുണ്ട്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അസം പര്യടനം ഏറെ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുള്ളതാണ്. തുടങ്ങിവെച്ച പദ്ധതികളുടെ പൂര്‍ത്തീകരണവും പുതിയ പദ്ധതികളുടെ നിര്‍വഹണവും സാധ്യമാക്കുന്നതിന് ഈ യാത്ര നിദാനമായിത്തീരുമെന്നാശിക്കാം. ഇന്ന് ഉച്ചക്ക് ഗുവാഹത്തി സെന്‍ട്രല്‍ ലൈബ്രറിയില്‍ കാന്തപുരം ഉസ്താദ് പങ്കെടുക്കുന്ന ആദ്യ പരിപാടി- എലൈറ്റ് കോണ്‍ഫ്രന്‍സ് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഉദ്ഘാടനം ചെയ്യും. സുന്നി സംഘടനകളുടെ ഭവന നിര്‍മാണ പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നിര്‍വഹിക്കും.
ഗുവാഹത്തി ഹാഷിഗാവ് ഈദ്ഗാഹ് മൈതാനിയിലും ഹൈലക്കങി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും നടക്കുന്ന ഇസ്‌ലാമിക് കോണ്‍ഫ്രന്‍സുകളിലും മറ്റു പരിപാടികളിലും കാന്തപുരം ഉസ്താദിനൊപ്പം മന്ത്രിമാരും പൗരപ്രമുഖരും സംബന്ധിക്കും. കേരളത്തില്‍ നിന്ന് പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ആര്‍ പി ഹുസൈന്‍ എന്നിവരാണ് കാന്തപുരത്തെ അസം യാത്രയില്‍ അനുഗമിക്കുന്നത്.