Connect with us

Kasargod

തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായ പദ്ധതി

Published

|

Last Updated

കാസര്‍കോട്: തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് മുഖാന്തിരമാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് വര്‍ഷത്തിലധികം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീകളടക്കമുള്ളവരുടെ മക്കള്‍ക്കാണ് പദ്ധതിയാനുകൂല്യങ്ങള്‍ ലഭിക്കുക. ഗുണഭോക്താക്കള്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരായിരിക്കണം.
പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപയാണ് ഈ പദ്ധതിയിലുള്‍പ്പെടുത്തി നല്കിവരുന്നത്. പ്ലസ് ടു മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് പ്രതിമാസം 1000 രൂപയും പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. ഒരു തവണ മാത്രമേ ഗുണഭോക്താക്കള്‍ക്ക് ഈ സഹായം ലഭ്യമാവൂ.
മാതാപിതാക്കളിലാരെങ്കിലും ജയില്‍ശിക്ഷയ്ക്ക് വിധേയരാവുമ്പോള്‍ അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന മക്കള്‍ പലപ്പോഴും സാമൂഹ്യ വിലക്കിന് ഇരകളാവുന്നു. സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് അവര്‍ക്ക് വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും തടവുകാരുടെ മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനുമാണ് സര്‍ക്കാര്‍ ഈ ധനസഹായ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയാനുകൂല്യത്തിന് ഗുണഭോക്താക്കള്‍ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

 

Latest