നിതാഖാത്ത് അനുഗ്രഹമായി; രണ്ട് പതിറ്റാണ്ടിന് ശേഷം മുഹമ്മദ് കുടുംബത്തെ കണ്‍നിറയെ കണ്ടു

Posted on: November 7, 2013 8:12 am | Last updated: November 7, 2013 at 8:12 am

muhammed copyകോട്ടക്കല്‍: നിതാഖാത്ത് ഗള്‍ഫ് മലായാളിക്ക് പരീക്ഷണമാകുമ്പോള്‍ മുഹമ്മദിന് ലഭിച്ചത് പുത്തന്‍ പ്രതീക്ഷകള്‍. കുടുംബത്തിന്റെ പ്രാരാബ്ധങ്ങളകറ്റാന്‍ കടല്‍ കടന്ന ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ പൊന്നേക്കാരന്‍ മുഹമ്മദ് എന്ന എഴുപതുകാരനാണ് സഊദി സര്‍ക്കാറിന്റെ തൊഴില്‍ നിയമം അനുഗ്രഹമായത്.
നാട്ടില്‍ ചായക്കടയുമായി കഴിഞ്ഞു കൂടുന്നതിനിടക്ക് സഊദിയിലെത്തിയ ഇദ്ദേഹം 20 വര്‍ഷത്തിന് ശേഷം ആദ്യമായി നാട്ടിലെത്തി. യാത്രാ രേഖകള്‍ ഇല്ലാതിരുന്ന മുഹമ്മദ് സഊദിയിലെ റൂമയിലാണ് എത്തിപ്പെട്ടത്. ഇവിടെ അലക്കു തൊഴിലാളിയായി കഴിഞ്ഞ് കൂടുന്നതിനിടയില്‍ രേഖകള്‍ വാങ്ങിവെച്ച തൊഴിലുടമ മരണപ്പെട്ടു. ഇതോടെ രേഖകളെ കുറിച്ച് യാതൊരു വിവരവുമില്ലാതെയായി. ശമ്പളവും കാര്യമായി കിട്ടാതായതോടെ മുറിയില്‍ നിന്നും പുറത്തിറങ്ങാതെയായി. ഇതിനിടയില്‍ വീട്ടിലേക്ക് വരാനുള്ള വഴിയും അടഞ്ഞു.
വീട്ടുകാരുമായി എഴുത്തുകളിലൂടെയും മറ്റും ബന്ധപ്പെട്ടെങ്കിലും നാട്ടിലെത്തുന്നതിന് യാതൊരു വഴിയുമില്ലായിരുന്നുവെന്ന് മുഹമ്മദ് പറയുന്നു. ഇതിനിടയിലാണ് സഊദി അറേബ്യയില്‍ സ്വദേശിവത്കരണ നിയമം വരുന്നത്. ഇതോടെ ഇളവുകള്‍ ഉപയോഗപ്പെടുത്താനായി നാട്ടിലുള്ളവരെ ബന്ധപ്പെട്ട് രേഖകള്‍ ശരിപ്പെടുത്തുകയായിരുന്നു. സഊദി സര്‍ക്കാറിന്റെ ഇളവ് സമയം അവസാനിക്കുന്നതിന്റെ അവസാന നിമിഷമാണ് മുഹമ്മദ് അറേബ്യന്‍ മണ്ണ് വിട്ടത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മുഹമ്മദിന് കടങ്ങളും പ്രാരാബ്ധങ്ങളും തന്നെയാണ് ബാക്കി. അഞ്ച് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമാണിദ്ദേഹത്തിന്. മകനെ ഭാര്യ ഗര്‍ഭം ധരിച്ച സമയത്താണ് യാത്ര. രണ്ട്‌പെണ്‍മക്കളെ വിവാഹം ചെയ്തയക്കാനുണ്ട്. 20വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ മുഹമ്മദിനെ പരിചയക്കാരായ നിരവധി പേരാണ് വീട്ടിലെത്തുന്നത്. ഇവരോടൊക്കെ പറയുന്നത് നാട് മാറിപ്പോയ കഥകളാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരാനുകൂല്യവും തനിക്ക് കിട്ടിയില്ലെന്ന പരിഭവവും ഇദ്ദേഹം മറച്ചുവെക്കുന്നില്ല. കടങ്ങള്‍ വീട്ടാന്‍ സഊദിയിലേക്ക് തന്നെ തിരിക്കണമെന്ന് തന്നെയാണ് തീരുമാനം.