Connect with us

Palakkad

കഞ്ചിക്കോട് കരിങ്കല്‍ ഖനനം പരിസരെത്ത വീടുകള്‍ക്ക് ഭീഷണി

Published

|

Last Updated

പാലക്കാട്: കഞ്ചിക്കോട് കോങ്ങാട്ടുപാടത്തെ കരിങ്കല്‍ക്വാറിയുടെ പ്രവര്‍ത്തനം അയ്യപ്പന്‍മലക്കും പരിസരത്തെ നാല്‍പ്പതോളം കുടുംബങ്ങള്‍ക്കും ഭീഷണിയാകുന്നു. ഉരുള്‍ പൊട്ടല്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയ പരിസ്ഥിതിദുര്‍ബല പ്രദേശമാണ് കഞ്ചിക്കോടന്‍ മലനിരകളില്‍പ്പെട്ട അയ്യപ്പന്‍മല. സ്വകാര്യവ്യക്തിയുടെ ക്വാറിയാണ് പരിസ്ഥിതിക്ക് അപകട ഭീഷണിയുയര്‍ത്തുന്നത്.
അയ്യപ്പന്‍മലയുടെ താഴെയുള്ള 53 ഏക്കര്‍ എന്നറിയപ്പെടുന്ന സ്ഥലത്തെ 12 ഏക്കര്‍ പ്രദേശത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ആറുമാസം മുമ്പ് ഉരുള്‍െപാട്ടലുണ്ടായ വേലഞ്ചേരിമലയുടെ സമീപത്താണ് അയ്യപ്പന്‍ മല സ്ഥിതിചെയ്യുന്നത്. രണ്ടാഴ്ച മുമ്പ് ഉരുള്‍െപാട്ടലുണ്ടായ മലമ്പുഴയിലെ എലിച്ചിരവും ഈ മലനിരകളുടെ ഭാഗമാണ്. ഇലക്ട്രിക് തോട്ട ഉപയോഗിച്ച് പാറപൊട്ടിക്കുമ്പോള്‍ വീടുകള്‍ക്ക് വിള്ളലുണ്ടാകുന്നെന്നാണ് നാട്ടുകാരുടെ പരാതി.
വര്‍ഷങ്ങളായി പാറഖനനം തുടരുന്നതിനാല്‍ മിക്കവാറും വീടുകളുടെ ചുവരുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. നേരത്തെ ചുമരുകള്‍ക്ക് വിള്ളലുണ്ടായപ്പോള്‍ ക്വാറി ഉടമകള്‍ത്തന്നെ പണം മുടക്കി വിള്ളലടച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. അടുത്തകാലത്തായി ഇവര്‍ തിരിഞ്ഞുനോക്കാറില്ലെന്ന് ഇവിടെയുള്ള കര്‍ഷക കുടുംബങ്ങള്‍ പറഞ്ഞു. അയ്യപ്പന്‍ മലയുടെ താഴ്‌വാരം ദുര്‍ബലമാകുന്നുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. പാറ പൊട്ടിക്കുന്നില്ലെന്നും ക്രഷര്‍ നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ക്വാറി ഉടമ പറഞ്ഞു. വനംവകുപ്പില്‍നിന്നും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍നിന്നും അനുമതി വാങ്ങിയിട്ടുണ്ടെന്നും കല്ല് പുറത്തുനിന്ന് കൊണ്ടുവന്ന് പൊട്ടിക്കുകയാണെന്നും ഉടമ പറഞ്ഞു.
ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് കളക്ടര്‍, ആര്‍ —ഡി ഒ തുടങ്ങിയവര്‍ക്ക് പരാതിനല്‍കിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Latest