വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ നടപടി : സംസ്ഥാന പാതയില്‍ മിന്നല്‍ പണിമുടക്ക്

Posted on: November 7, 2013 8:05 am | Last updated: November 7, 2013 at 8:05 am

ഒറ്റപ്പാലം: വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ പോലീസ് നടപടി. പ്രതിഷേധമായി സ്വകാര്യ ബസുകള്‍ പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഒറ്റപ്പാലത്തുനിന്ന് മായന്നൂര്‍, ചേലക്കര, തിരുവില്ല്വാമല മേഖലകളിലേക്ക് പോകുന്ന ബസുകളാണ് ഒറ്റപ്പാലം സ്റ്റാന്‍ഡില്‍നിന്നും വിദ്യാര്‍ഥികളെ കയറ്റാന്‍ വിസമ്മതിച്ചത്.
വിദ്യാര്‍ഥികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. കുട്ടികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ പോലീസ് പിഴ ചുമത്തുകയും മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് സ്വകാര്യബസുകള്‍ പണിമുടക്ക് നടത്തിയത്. ഇവര്‍ മറ്റുസ്ഥലങ്ങളിലേക്കുപോകുന്ന ബസുകളും തടഞ്ഞിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് യാത്രക്കാരും നാട്ടുകാരും രംഗത്തിറങ്ങിയതോടെ ഒറ്റപ്പാലം നഗരത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
തുടര്‍ന്ന് പോലീസും നാട്ടുകാരും സ്വകാര്യബസ് അധികൃതരും ചേര്‍ന്ന് ചര്‍ച്ച നടത്തുകയും കുട്ടികളെ കയറ്റാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഇതോടെ പോലീസ് ചുമത്തിയ നടപടികള്‍ പിന്‍വലിച്ചുതുടര്‍ന്നാണ് വാഹന ഗതാഗതം പൂര്‍വസ്ഥിതിയിലായത്.
ഇന്നലെ വൈകുന്നേരം നാലരയോടുകൂടി ആരംഭിച്ച സമരം വൈകുന്നേരം 6.30ഓടെയാണ് അവസാനിച്ചത്.