ഉന്നം വെച്ചത് കേരള കോണ്‍ഗ്രസിനെ

Posted on: November 7, 2013 1:51 am | Last updated: November 7, 2013 at 1:54 am

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കേരള കോണ്‍ഗ്രസിനെ ലക്ഷ്യമാക്കിയെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടി കരുത്താര്‍ജിക്കാന്‍ കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായുള്ള ചങ്ങാത്തം വഴിവെക്കുമെന്ന സി പി എം കണക്കുകൂട്ടലാണ് പുതിയ ബന്ധങ്ങള്‍ക്ക് പാര്‍ട്ടിയെ ചിന്തിപ്പിക്കുന്നത്.
കേരള കോണ്‍ഗ്രസിനെ പേരെടുത്ത് പറഞ്ഞു സ്വാഗതം ചെയ്തില്ലെങ്കിലും കേരള കോണ്‍ഗ്രസിനെയും കെ എം മാണിയെയും ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ട് പല തവണ കോടിയേരി മുമ്പും പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കോടതി കുറ്റവിമുക്തനാക്കിയതോടെ സംസ്ഥാനത്ത് ഭരണമാറ്റത്തിന് സി പി എം നീക്കമാരംഭിച്ചിരിക്കുന്നുവെന്നതാണ് ഇതില്‍ ഏറെ ശ്രദ്ധേയം. ചീഫ് വിപ്പ് പി സി ജോര്‍ജാണ് സി പി എം നേതാക്കളുമായുള്ള രഹസ്യ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്ന എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളാണ് ഇടതുസഖ്യം എന്ന ആശയത്തിലേക്ക് നീങ്ങാന്‍ കേരള കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചിരിക്കുന്ന പ്രധാന ഘടകം.
ഈ മാസം 11 ന് കോട്ടയത്ത് ചേരുന്ന കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം പുതിയ രാഷ്ട്രീയ ബന്ധങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യും. പി സി ജോര്‍ജിനെതിരെ ജോസഫ് വിഭാഗത്തിനുള്ള പരാതി ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നതെങ്കിലും സി പി എം നേതാക്കളുടെ ക്ഷണവും യോഗത്തില്‍ മുഖ്യ ചര്‍ച്ചയാകുകുമെന്നാണ് സൂചന. റബ്ബര്‍ വിലയിടിവ്, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കേന്ദ്ര സര്‍ക്കാറിനുമെതിരെ കേരള കോണ്‍ഗ്രസ് പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കത്തോലിക്കാ സഭ അടക്കമുള്ള ക്രൈസ്തവ സഭകളുടെ എതിര്‍പ്പും സി പി എമ്മുമായി കൂട്ടുചേരാന്‍ കേരള കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കേരള കോണ്‍ഗ്രസിനുള്ള സ്വാധീനം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പുതിയ ബന്ധം വഴിവെക്കുമെന്ന് സി പി എം കണക്കുകൂട്ടുന്നു. ഒപ്പം വയനാട്, കോഴിക്കോട് അടക്കമുള്ള കുടിയേറ്റ മേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് ചങ്ങാത്തം സഹായകരമാകുമെന്നും പാര്‍ട്ടി കരുതുന്നു. യു ഡി എഫ് ബന്ധം അവസാനിപ്പിച്ചാല്‍ കെ എം മാണിയുടെ നേതൃത്വത്തില്‍ ആറ് മാസം ഇടതുമുന്നണി പിന്തുണയോടെ സര്‍ക്കാര്‍ രൂപവ്തരിക്കാന്‍ സി പി എം സമ്മതം അറിയിച്ചിട്ടുണ്ട്. എന്നാല്‍ കുറഞ്ഞത് ഒന്നരവര്‍ഷമെങ്കിലും മുഖ്യമന്ത്രി കസേരയില്‍ തുടരണമെന്ന ആഗ്രഹമാണ് മാണി സി പി എം നേതാക്കളെ ദൂതന്‍മാര്‍ മുഖേന അറിയിച്ചിരിക്കുന്നത്.
ഇടതുമുന്നണിയിലെത്തിയാല്‍ 25 നിയമസഭാ സീറ്റുകളും രണ്ട് പാര്‍ലിമെന്റ് സീറ്റുകളുമാണ് കേരള കോണ്‍ഗ്രസിന് സി പി എം വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജിനായി ഇടുക്കി ചോദിച്ച് വാങ്ങിയാല്‍ കോട്ടയം മണ്ഡലത്തില്‍ ജോസ് കെ മാണിക്കെതിരെ കോണ്‍ഗ്രസ് ക്യാമ്പുകള്‍ രംഗത്തിറങ്ങുമെന്ന ആശങ്ക മാണിക്കുണ്ട്. ഇടുക്കി സീറ്റ് കോണ്‍ഗ്രസില്‍ നിന്നും ലഭിക്കാതിരുന്നാല്‍ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിപദവി സ്വന്തമാക്കാനുള്ള പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് കെ എം മാണി മുതിര്‍ന്നേക്കുമെന്നാണ് സൂചന.