കെ എസ് ആര്‍ ടി സിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

Posted on: November 6, 2013 11:59 pm | Last updated: November 6, 2013 at 11:59 pm

ksrtc1തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ എസ് ആര്‍ ടി സിയില്‍ ജീവനക്കാരുടെ പെന്‍ഷന്‍ വീണ്ടും മുടങ്ങി. ഈ മാസം ഒന്നിന് നല്‍കേണ്ടിയിരുന്ന പെന്‍ഷന്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെ ന്‍ഷന്‍ വൈകുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
പ്രതിമാസം മുടക്കമില്ലാതെ 37,000 പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ 35 കോടി രൂപയാണ് കോര്‍പ്പറേഷന് വേണ്ടത്. കഴിഞ്ഞ കുറേ മാസങ്ങളായി അഞ്ചാം തീയതിയാണ് പെന്‍ഷന്‍ നല്‍കിവരുന്നത്. എന്നാല്‍, ഈ മാസത്തെ പെന്‍ഷന്‍ എപ്പോള്‍ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പതിവു പോലെ കെ ടി ഡി എഫ് സിയില്‍ നിന്ന് വായ്പയെടുത്തെങ്കിലും ജീവനക്കാര്‍ക്കുള്ള ശമ്പളത്തിന് വകമാറ്റിയതോടെ പെന്‍ഷന്‍ മുടങ്ങുകയായിരുന്നു. ഡീസല്‍ സബ്‌സിഡി പ്രശ്‌നവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം വൈകുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. 90 കോടിയുടെ പ്രതിമാസ ബാധ്യതയിലാണ് ഇപ്പോള്‍ കെ എസ് ആര്‍ ടി സി ഓടുന്നത്. പ്രതിസന്ധി അതീവ ഗുരുതരമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് പണമില്ലെന്നാണ് മന്ത്രി പറഞ്ഞത്.
അതിനിടെ, കെ എസ് ആര്‍ ടി സിയുടെ നഷ്ടത്തിലോടുന്ന അഞ്ഞൂറോളം സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ശബരിമല പ്രത്യേക സര്‍വീസിനായി അയക്കും. 7000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകള്‍ റദ്ദാക്കാനാണ് നിര്‍ദേശം. സാമ്പത്തിക പ്രതിസന്ധികാരണം പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാത്തതിനാലാണിത്.