നിര്‍ത്തിയിട്ട കാറുകളുടെ ചില്ല് തകര്‍ത്ത് മോഷണം: യുവാവ് പിടിയില്‍

Posted on: November 6, 2013 9:59 pm | Last updated: November 6, 2013 at 9:59 pm

ഷാര്‍ജ: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്ത കാറുകളുടെ ചില്ല് തകര്‍ത്ത് മോഷണം നടത്തിയ യുവാവിനെ ഷാര്‍ജ പോലീസ് പിടികൂടി. ഈജിപ്തുകാരനായ ഖാലിദ് (20) നെയാണ് പോലീസ് പിടികൂടിയത്. ഷാര്‍ജയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണത്തിന് കേസുണ്ട്.
മോഷണം നടത്തിയ കാറുകളില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. പോലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പരിശോധന നടത്തുന്നതിനിടെ, ഈ യുവാവിനെ മയക്കുമരുന്നുമായി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യുന്നിതിനിടെയാണ് കാര്‍ മോഷണം സമ്മതിച്ചത്. രാത്രകാലങ്ങളില്‍ പ്രത്യേകിച്ചും വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും എത്ര ചെറുതാണെങ്കിലും മോഷണം നടന്നാല്‍ ഉടന്‍ പോലീസില്‍ അറിയിക്കണമെന്നും ഷാര്‍ജ പോലീസ് അഭ്യര്‍ഥിച്ചു.