Connect with us

Gulf

അര്‍ജന്റീനയെ തകര്‍ത്ത് മെക്‌സിക്കോ ഫൈനലില്‍

Published

|

Last Updated

ദുബൈ: അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ മെക്‌സിക്കോ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍. ഇവാന്‍ ഒചോ ഇരട്ട ഗോളുകളുകള്‍ നേടി. മുഹമ്മദ് ബിന്‍ സയദ് സ്റ്റേഡിയത്തില്‍ മെക്‌സിക്കോയാണ് മത്സരം നിയന്ത്രിച്ചത്. അഞ്ചാം മിനുട്ടില്‍ തന്നെ ഇവാന്‍ ഒചോ സ്‌കോര്‍ ചെയ്തു.
ഇരുപത്തൊന്നാം മിനുട്ടില്‍ ഒചോവയുടെ രണ്ടാം ഗോള്‍. മൂന്നാം ഗോള്‍ ഫൈനല്‍ വിസിലിന് നാല് മിനുട്ട് ശേഷിക്കെ മാര്‍കോ ഗ്രനഡോസ് നേടി. പെനാല്‍റ്റി ഗോളില്‍ ലീഡ് നേടാനുള്ള സുവര്‍ണാവസരം മൂന്നാം മിനുട്ടില്‍ അര്‍ജന്റീന പാഴാക്കി. ഡ്രൂസിയെടുത്ത സ്‌പോട് കിക്ക് മെക്‌സിക്കോ ഗോളി റൗള്‍ ഗുഡിനോ തട്ടിമാറ്റി. ടൂര്‍ണമെന്റില്‍ ഗുഡിനോയുടെ മൂന്നാമത്തെ സേവിംഗ്.
നേരത്തെ, ബ്രസീലിനെതിരെ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടില്‍ രണ്ട് കിക്കുകള്‍ ഗുഡിനോ രക്ഷപ്പെടുത്തിയിരുന്നു. രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അര്‍ജന്റീനക്ക് തിരിച്ചുവരവ് അസാധ്യമാക്കി. സ്വീഡന്‍-നൈജീരിയ സെമി വിജയികളാകും മെക്‌സിക്കോയുടെ എതിരാളി. ഇതോടെ, ഗ്രൂപ്പ് റൗണ്ടിലെ പോരാട്ടം ആവര്‍ത്തിക്കുമെന്ന് വ്യക്തമായി.
ഗ്രൂപ്പില്‍ മെക്‌സിക്കോ നൈജീരിയെയും സ്വീഡനെയും നേരിട്ടതാണ്. ഉദ്ഘാടന മത്സരത്തില്‍ നൈജീരിയ 6-1ന് മെക്‌സിക്കോയെ തകര്‍ത്തിരുന്നു.
അതേ സമയം സ്വീഡനെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഏക ഗോളിന് മറികടന്ന് മെക്‌സിക്കോ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിന് യോഗ്യത നേടി.