Wayanad
യുവാവിന്റെ ആത്മഹത്യ: ഗൂഡല്ലൂരില്‍ ഹര്‍ത്താല്‍ ഭാഗികം

ഗൂഡല്ലൂര്‍: പോലീസിന്റെ ഭീഷണിമൂലം യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ഗൂഡല്ലൂരില്‍ നടന്ന ഹര്‍ത്താല്‍ ഭാഗികം. ചില വാഹനങ്ങള്‍ പണിമുടക്കി. ചിലഭാഗങ്ങളില്‍ കടകള്‍ അടഞ്ഞു കിടന്നു. ഗൂഡല്ലൂര്‍ കെ കെ നഗര്‍ സ്വദേശി റിച്ചാര്‍ഡാണ് പോലീസിന്റെ ഭീഷണിമൂലം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആര്‍ ഡി ഒ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ഗൂഡല്ലൂര്‍ നഗരത്തില്‍ മൗനജാഥ നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍ വാസു, ലിയാക്കത്തലി, കോശി ബേബി, കെ ഹംസ, ഷാജി ചെളിവയല്‍, മുഹമ്മദ് ഗനി, സഹദേവന്‍, കൃഷ്ണന്‍, അണ്ണാദുരൈ, രാമലിംഗം, ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കളായ മുബാറക്, പ്രവീണ്‍, മുഹമ്മദലി (വ്യാപാരി സംഘം) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അതേസമയം യുവാവിന്റെ മൃതദേഹം ഇന്നലെ രാവിലെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. നൂറുക്കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചയോടെ മൃതദേഹം സംസ്‌കരിച്ചു. സര്‍വകക്ഷി സംഘം ഇതുസംബന്ധിച്ച് ആര്‍ ഡി ഒക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മേല്‍ ഗൂഡല്ലൂരിലും ഗൂഡല്ലൂരിലും ഡി വൈ എസ് പി തിരുമേനിയുടെ നേതൃത്വത്തില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.