Connect with us

Wayanad

ഹര്‍ത്താല്‍: വയനാട് നിശ്ചലം; സമാധാനപരം

Published

|

Last Updated

കല്‍പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയില്‍ പ്രഖ്യാപിച്ച കടയടപ്പ് ഹര്‍ത്താല്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു. വയനാടിനെ ആശങ്കയിലാഴ്ത്തുന്ന വനം- പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍, രാത്രിയാത്രാ നിരോധം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തത്. സര്‍ക്കാര്‍ ഓഫീസുകളും, വിദ്യാലയങ്ങളും അടഞ്ഞ് കിടന്നു.
കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വീസ് നടത്തിയില്ല. പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിയതോടെ ഓട്ടോ-ടാക്‌സി സര്‍വീസുകളും ഓടിയില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സി പി എം, വ്യാപാരി വ്യവസായി സമിതി, ജനതാദള്‍- എസ് ,ബി ജെ പി,എസ് ഡി പി ഐ, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം തുടങ്ങിയ സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ വയനാട് പൂര്‍ണമായും നിശ്ചലമാവുകയായിരുന്നു.കലക്ടറേറ്റിന് മുന്നിലും താലൂക്ക് കേന്ദ്രങ്ങളിലും വ്യപാരി വ്യസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഉപവാസവും സംഘടിപ്പിച്ചിരുന്നു. വ്യപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും ചെക്ക് പോസ്റ്റ് ഉപരോധിച്ചു. മുനിസിപ്പല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വയനാട് ഹര്‍ത്താലിനോടനുബന്ധിച്ച് വ്യാപാരികള്‍ കലക്ടറേറ്റിന് മുന്നില്‍ ഉപവസിച്ചു. രാക്കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, കുട്ട-തോല്‍പ്പെട്ടി റോഡില്‍ ഗതാഗത നിയന്ത്രണത്തിനുള്ള നീക്കം ഉപേക്ഷിക്കുക, ചരക്ക് വാഹനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ വയനാടന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപവാസം.ജില്ലാ വൈസ് പ്രസിഡന്റ് കെ കുഞ്ഞിരായീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അഷ്‌റഫ് പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഇ ടി ഹംസ കമ്പളക്കാട്, അഷ്‌റഫ് വേങ്ങാടി, എം മുജീബ് ചുണ്ടേല്‍, സി വി വര്‍ഗീസ് വൈത്തിരി, സേവ്യര്‍ കരണി, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി ജോയ്, ഷാജി കല്ലടാസ്, വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പി അബ്ദുര്‍റഹ്മാന്‍, എ പി ശിവദാസ്, കെ കെ എസ് നായര്‍, വി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ചുങ്കം ജംഗ്ഷനില്‍ നിന്നും പ്രകടനമായാണ് കലക്ടറേറ്റിന് മുന്നില്‍ യൂത്ത് വിംഗ് പ്രവര്‍ത്തകരും വ്യാപാരികളുും ഉപവാസത്തിനെത്തിയത്.

---- facebook comment plugin here -----

Latest