മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു

Posted on: November 6, 2013 12:49 am | Last updated: November 6, 2013 at 12:49 am

ചങ്ങരംകുളം: പാര്‍ട്ടി യോഗത്തിലെ ഭിന്നത വാര്‍ത്തയിലൂടെ പുറത്ത്‌കൊണ്ടുന്നതിന്റെ പേരില്‍ ചങ്ങരംകുളത്തെ പ്രാദേശിക റിപ്പോര്‍ട്ടറെ ഒരുസംഘം ആളുകള്‍ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ചങ്ങരംകുളം പ്രസ്സ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് പ്രതിഷേധിച്ചു. ചങ്ങരംകുളത്തെ മാതൃഭൂമി ലേഖകന്‍ മോഹന്‍ദാസിനെയാണ് ഇന്നലെ കാലത്ത് ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി സംബന്ധിച്ച് പാര്‍ട്ടിയിലെ ഭിന്ന വാര്‍ത്തയായിരുന്നു. കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്ന ടി വി സുലൈമാനെതിരെ ഒരുവിഭാഗം രംഗത്തെത്തുകയും മറ്റൊരാളെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശിക്കുക്കയും ചെയ്തിരുന്നു. യോഗത്തിലെ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത് പാര്‍ട്ടിനേതൃത്വത്തെ ക്ഷുഭിതരാക്കിയത്. വാര്‍ത്ത ചോര്‍ത്തി നല്‍കിയത് ആരാണെന്ന് വ്യകമാക്കണമെന്നാവശ്യപ്പെട്ടാണ് ലേഖകനെ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ഇതിന് തയ്യാറാകാത്ത ലേഖകനെ കയ്യേറ്റം ചെയ്യാന്‍ശ്രമിച്ച ശേഷമാണ് സംഘം ഓഫീസില്‍നിന്നും പോയത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും യോഗം വ്യക്തമാക്കി. വി പി അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു.