Connect with us

International

വിസാ ബോണ്ട് ഇന്ത്യയെ ലക്ഷ്യം വെച്ചല്ല: കാമറൂണ്‍

Published

|

Last Updated

ലണ്ടന്‍: 3000 പൗണ്ട് നല്‍കിയുള്ള വിസാ ബോണ്ട് ഇന്ത്യയെ ലക്ഷ്യം വെച്ചല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ചില ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളെ ലക്ഷ്യം വെച്ചാണ് ബോണ്ട് വിസയെന്ന് ആക്ഷേപമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കാമറൂണിന്റെ വിശദീകരണം.
ഈ മാസം 14 ന് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കാമറൂണിന്റെ വിശദീകരണം. രണ്ട് വര്‍ഷത്തിനിടെ മൂന്നാം തവണയാണ് കാമറൂണ്‍ ഇന്ത്യയിലെത്തുന്നത്. ഇന്ത്യക്കാര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോണ്ട് വിസ ഇന്ത്യക്കാര്‍ക്ക് ഭീഷണിയാകുന്നതായി ഇന്ത്യ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും ബ്രിട്ടനെ അറിയിച്ചിരുന്നു. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, നൈജീരിയ എന്നീ രാജ്യക്കാര്‍ക്കും ഈ വിസാ നയം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഹൈ റിസ്‌ക് രാജ്യങ്ങളാക്കി കണക്കാക്കി ഇവിടങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം കുറക്കുകയാണ് ബ്രിട്ടന്റെ ലക്ഷ്യം. നിരവധി വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്ന് പഠനത്തിന് ലണ്ടനിലെത്തുന്നത്. അവരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കാമറൂണ്‍ പറഞ്ഞു.

Latest