സൈനിക കൂട്ടക്കൊല: ബംഗ്ലാദേശില്‍ 152 സൈനികര്‍ക്ക് വധശിക്ഷ

Posted on: November 5, 2013 11:03 pm | Last updated: November 5, 2013 at 11:03 pm

militaryധാക്ക: മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരടക്കം 74 പേരെ 2009ല്‍ കൂട്ടക്കൊല ചെയ്ത കേസില്‍ ബംഗ്ലാദേശില്‍ 152 സൈനികര്‍ക്ക് വധശിക്ഷ. 820 മുന്‍ അര്‍ധ സൈനികരും 26 സാധാരണക്കാരുമായിരുന്നു കേസിലെ പ്രതികള്‍. ലോകത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന വിചാരണയില്‍ 158 വിമത സൈനികര്‍ക്ക് ജീവപര്യന്തവും 251 പേര്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും വിധിച്ചു. 271 പേരെ വെറുതെ വിട്ടു. കേസില്‍ പ്രതികളായ സാധാരണക്കാരില്‍ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി എം പി നസീറുദ്ദീന്‍ അഹ്മദ് പിന്റു, അവാമി ലീഗ് നേതാവ് തോറാബ് അലി എന്നിവര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.
വധശിക്ഷ ലഭിച്ചവരില്‍ ബംഗ്ലാദേശ് റൈഫിള്‍സിന്റെ (ഇപ്പോള്‍ ബംഗ്ലാദേശ് അതിര്‍ത്തി ഗാര്‍ഡ്) മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തൗഹീദ് അഹ്മദും ഉള്‍പ്പെടും. ഓള്‍ഡ് ധാക്കയിലെ കോടതി കോംപ്ലക്‌സിലായിരുന്നു വിധി പ്രഖ്യാപനം. കോടതി പരിസരത്ത് വന്‍ സുരക്ഷയൊരുക്കിയിരുന്നു.
2009 ഫെബ്രുവരി 25, 26 തീയതികളിലായി ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ഒരു സംഘം സൈനികര്‍ കലാപം അഴിച്ചു വിടുകയായിരുന്നു. പ്രധാനമന്ത്രി ഷേയ്ഖ് ഹസീന അധികാരത്തിലെത്തി രണ്ട് മാസം പിന്നിട്ടപ്പോഴായിരുന്നു കലാപം. ബി ഡി ആര്‍ മേധാവി മേജര്‍ ജനറല്‍ ശക്കീല്‍ അഹ്മദ് അടക്കം 74 പേരാണ് കൊല്ലപ്പെട്ടത്. കലാപകാരികളായ സൈനികര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നിടത്തേക്ക് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.
കോടതി വിധിയെ പല പ്രതികളും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പലരും വിധികേട്ട് പൊട്ടികരഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.