ഷാര്‍ജ ഫൗണ്ടേഷന്‍ 391 അനാഥര്‍ക്ക് ട്യൂഷന്‍ ഫീസ് നല്‍കും

Posted on: November 5, 2013 6:59 pm | Last updated: November 5, 2013 at 6:59 pm

ഷാര്‍ജ: 391 അനാഥര്‍ക്ക് ട്യൂഷന്‍ ഫീസ് അടക്കാനായി 13 ലക്ഷം ദിര്‍ഹം സംഭാവന നല്‍കുമെന്ന് ഷാര്‍ജ സോഷ്യല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്‍ വ്യക്തമാക്കി. കുട്ടികളുടെ വിദ്യഭ്യാസ അവകാശം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ഫൗണ്ടേഷന്‍ ഡയറക്ടര്‍ നവാല്‍ യാസര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാലയങ്ങളുമായി ഫൗണ്ടേഷന്‍ ബന്ധപ്പെട്ട് വരികയാണ്. അനാഥ കുട്ടികളെ സംരക്ഷിക്കുന്ന രക്ഷിതാക്കളുമായും അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ ഫൗണ്ടേഷന്‍ സഹകരിക്കും.
അനാഥരുടെ വിദ്യാഭ്യാസം ഫീസ് അടക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ നിലക്കരുതെന്ന് കരുതിയാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്ക് പരിശീലന ക്ലാസുകളും സംഘടന നല്‍കുന്നുണ്ട്. വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെയാണ് ഫൗണ്ടേഷന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതെന്നും ഡയറക്ടര്‍ പറഞ്ഞു.